തിരുവനന്തപുരം: വഴുതക്കാട്ട് വന്‍ തീപിടിത്തം. ആകാശവാണി ഓഫീസിനു സമീപത്തെ എം.പി. അപ്പന്‍ റോഡിലെ അക്വേറിയം നിര്‍മാണ കേന്ദ്രത്തിലാണു തീപിടിത്തമുണ്ടായത്. ഷോപ്പ് മുഴുവനായി കത്തിനശിച്ചു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന മൂന്നുപേരെ രക്ഷപ്പെടുത്തി.
സമീപത്തെ മൂന്നു വീടുകളിലേക്കു തീപടര്‍ന്നു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ചെങ്കല്‍ച്ചൂള ഫയര്‍ സ്റ്റേഷനില്‍നിന്നുള്ള മൂന്ന് യൂണിറ്റാണു നിലവില്‍ തീയയണ്ക്കാന്‍ ശ്രമിക്കുന്നത്. മറ്റു ഫയര്‍ സ്റ്റേഷനുകളില്‍നിന്ന് കൂടുതല്‍ യൂണിറ്റുകള്‍ ഉടനെയെത്തും.
വൈകിട്ട് നാലോടെയാണു ജനവാസമേഖലയില്‍ തീപിടിത്തമുണ്ടായത്. നിരവധി വീടുകള്‍ ഈ പ്രദേശത്തുണ്ട്. തീപിടിച്ച കടയ്ക്കു സമീപത്തെ വീടുകളിലുള്ളവരെ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് ഒഴിപ്പിച്ചു.
അക്വേറിയം നിര്‍മാണ കേന്ദ്രത്തിന്റെ ഗോഡൗണില്‍ വെല്‍ഡിങ് ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതില്‍നിന്നാണോ തീപടര്‍ന്നതെന്നു വ്യക്തമല്ല. എങ്ങനെയാണു തീപിടിത്തമുണ്ടായതെന്നു വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
ഗോഡൗണിലുണ്ടായിരുന്ന തൊഴിലാളികള്‍ തീ പടര്‍ന്നതോടെ ഓടി രക്ഷപ്പെട്ടു. കുടുങ്ങിപ്പോയ മൂന്നുപേരെ പിന്നീട് രക്ഷപ്പെടുത്തുകയായിരുന്നു.
പഴയ വീട്ടിനോട് ചേര്‍ന്നാണ് അക്വേറിയം നിര്‍മാണകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇതിലേക്കുള്ളതു ചെറിയ ഇടവഴിയായിരുന്നതിനാല്‍ ഫയര്‍ഫോഴ്‌സ് വാഹനത്തിന് എത്താന്‍ പ്രയാസമായി. തുടര്‍ന്ന് ഒരു വീടിന്റെ മുകളില്‍നിന്നാണ് ഫയര്‍ഫോഴ്‌സ് തീകെടുത്താനുള്ള ശ്രമിച്ചത്.