തിരുവനന്തപുരം: കനത്ത ചൂടാണ് കേരളത്തിലെ ജനങ്ങൾ കുറച്ചുനാളായി നേരിടുന്ന പ്രധാന ബുദ്ധിമുട്ട്. വരുംദിവസങ്ങളിൽ വൻ തോതിൽ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയുമൊക്കെ നൽകുന്ന മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ ചൂടിൽ രണ്ട് മുതൽ നാല് ഡിഗ്രി വരെ വർധനവുണ്ടാവാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ. പാലക്കാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ ഏരിയകളിൽ മാർച്ച് അഞ്ചിന് ശരാശരിയിൽ നിന്നും 8 ഡിഗ്രിയോളം ചൂട് വർധിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകർ അനുമാനിക്കുന്നു.

സൂര്യാഘാതം, നിർജലീകരണം പോലുള്ളവയ്ക്ക് സാധ്യതയുള്ളതിനാൽ കടുത്ത ചൂടിനെ പ്രതിരോധിക്കാൻ പൊതുജനങ്ങൾക്കു മുന്നിൽ നിർദ്ദേശങ്ങൾ വയ്ക്കുകയാണ് കേരളസംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. പൊതുജനങ്ങൾ രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്നു മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക, നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക, അസുഖങ്ങൾ ഉള്ളവര്‍ 11 മുതൽ മൂന്നു മണി വരെയെങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക, ധാരാളം ശുദ്ധജലം കുടിക്കുക, അയഞ്ഞതും ലൈറ്റ് കളറുള്ളതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ദുരന്തനിവാരണ അതോറിറ്റി മുന്നോട്ട് വയ്ക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണെന്നും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പു നൽകുന്നു. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിക്കാൻ ലേബര്‍ കമ്മീഷണറും ഉത്തരവിട്ടിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ