തിരുവനന്തപുരം: വേനൽ കനത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലെ അവധിക്കാല ക്ലാസുകൾക്ക് നിരോധനം ഏർപ്പെടുത്തി. ക്ലാസുകൾക്ക് പുറമെ അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.
അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് ഒരാഴ്ച മുമ്പ് മുൻകൂർ അനുമതി വാങ്ങണം. ഇത്തരത്തിൽ നടത്തുന്ന ക്യാമ്പുകൾ പത്ത് ദിവസത്തിൽ കൂടുതൽ ആകരുതെന്നും നിർദേശമുണ്ട്. ക്യാമ്പുകൾക്ക് അനുമതി നൽകുന്നതിന് മുമ്പ് ഉദ്യോഗസ്ഥരെത്തി സ്കൂളുകളിലെ സൗകര്യങ്ങൾ വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനം ഉദ്യോഗസ്ഥ തലത്തിൽ കണ്ടെത്തുക.
സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണ്. അതേസമയം, സൂര്യാതപം മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. താപനില മൂന്ന് ഡിഗ്രിവരെ കൂടാമെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ഞായറാഴ്ചവരെ സംസ്ഥാനത്ത് അതീവ ജാഗ്രതയാണ് പുറപ്പെടുവിച്ചത്.