ന്യൂഡല്‍ഹി: രാജ്യത്ത് ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. രാജ്യത്ത് ഒരു ആഴ്ച കൂടി കനത്ത ചൂടിനും ഉഷ്ണതരംഗത്തിനും സാധ്യതയുണ്ട്. അടുത്ത കാലത്തൊന്നും ഇല്ലാത്ത വിധം കേരളത്തിലടക്കം കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. രാജ്യത്ത് പല ഭാഗത്തും 38 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂട് രേഖപ്പെടുത്തുമെന്ന് അക്യൂ വെതര്‍ മെട്രോളജിസ്റ്റ് വിദഗ്ധന്‍ എറിക് ലെയ്സ്റ്റര്‍ പറയുന്നു. കടലോര മേഖലകളില്‍ മാത്രമാണ് ചൂട് കുറവ് അനുഭവപ്പെടാന്‍ സാധ്യതയുള്ളത്.

Read More: സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

ഛത്തീസ്ഗഢ്, മധ്യപ്രദേശ്, കിഴക്കന്‍ മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഈ ആഴ്ചയുടെ മധ്യത്തിലും അവസാനത്തിലും 43 മുതല്‍ 46 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് രേഖപ്പെടുത്താന്‍ സാധ്യതയുള്ളതായി അക്യു വെതര്‍ മെട്രോളജിസ്റ്റ് സൈറ്റ് പറയുന്നു.

കേരളത്തിലും അസാധ്യ ചൂടാണ് അനുഭവപ്പെടുന്നത്. സുര്യാഘാത, സൂര്യാതപ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ 11 മുതല്‍ 3 വരെ നേരിട്ട് വെയില്‍ കൊള്ളരുതെന്ന് നിര്‍ദേശമുണ്ട്. തൊഴിലാളികള്‍ക്ക് ഈ സമയം വിശ്രമം അനുവദിക്കണമെന്ന് ലേബര്‍ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാലക്കാട് വടകരപ്പതിയിൽ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചത് സൂര്യാഘാതം മൂലമാണെന്നാണ് സംശയം. വടകരപ്പതി നല്ലൂർ സ്വദേശി ചിന്നമ്മാൾ (78) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം പാറശാലയിൽ കർഷകൻ പാടത്ത് കുഴഞ്ഞു വീണ് മരിച്ചിരുന്നു. മുറിയതോട്ടം സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത്. സൂര്യാഘാതമാണ് ഉണ്ണികൃഷ്ണന്റെ മരണകാരണമെന്നാണ് സംശയിക്കുന്നത്. ദേഹത്ത് പലയിടങ്ങളിലായി പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.