മലപ്പുറം: തിരുനാവായയിൽ സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. സുധികുമാർ (44) ആണ് മരിച്ചത്. പാടത്ത് കൃഷിപ്പണിക്കിടെ ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു. ദേഹമാസകലം പൊളളലേറ്റ പാടുകളുണ്ട്. മലപ്പുറത്ത് കഴിഞ്ഞ ദിവസങ്ങളിലെല്ലാം കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

ഏതാനും ദിവസം മുൻപ് തൃശൂർ കൊരട്ടിയിൽ സ്കൂൾ വിദ്യാർഥിക്കു പൊളളലേറ്റിരുന്നു. സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥി സ്റ്റാലിനാണ് (14) കഴുത്തു മുതൽ തോൾ വരെ പൊള്ളലേറ്റത്. സൈക്കിളിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലനുഭവപ്പെട്ടതോടെ കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. പിറ്റേന്നു കുമിളകൾ രൂപപ്പെട്ടതിനെത്തുടർന്നു ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് സൂര്യാതപമാണെന്ന് സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് ചെറിയതുറ ഉൾപ്പെടെയുളള തീരപ്രദേശങ്ങളിൽ പലർക്കും സൂര്യാതപമേറ്റിരുന്നു. മുഖത്തും കഴുത്തിലും കൈകളിലുമാണ് കൂടുതൽ പേർക്കും പൊളളലേറ്റത്.

Read Also: ഇന്ത്യയുമായി വ്യാപാരം ചർച്ച ചെയ്യും, സ്വീകരിക്കാൻ ഒരു കോടിയോളം ആളുകൾ എത്തും: ഡോണൾഡ് ട്രംപ്

സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടുതൽ സമയം തുടർച്ചയായി വെയിലത്തു ജോലി ചെയ്യുന്നത് ഒഴിവാക്കണം. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെളളം കുടിക്കണം. ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റു രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ പകല്‍ 11 മുതല്‍ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ത്വക്കിലും ശരീരത്തിലും അസ്വസ്‌ഥത അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനെ വെയിലത്തുനിന്ന് മാറിനിൽക്കുക. പൊള്ളിയ ഭാഗത്ത് കുമിളകൾ ഉണ്ടെങ്കിൽ ഉടൻ ഡോക്‌ടറെ കാണണം.

സൂര്യാഘാതം/താപശരീരശോഷണം ഉണ്ടാകുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍

സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാല്‍ വെയിലുളള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേയ്ക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ഫാന്‍, എസി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കണം. ഫലങ്ങളും സലാഡുകളും കഴിക്കുക. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തണം.

മുതിര്‍ന്ന പൗരന്മാര്‍ (65 വയസിനു മുകളില്‍), കുഞ്ഞുങ്ങള്‍ (4 വയസ്സിനു താഴെയുള്ളവര്‍), ഗുരുതരമായ രോഗം ഉളളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പ്രതിരോധ മാര്‍ഗങ്ങള്‍

വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചയ്ക്ക് 11 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. വെയിലത്ത് സഞ്ചരിക്കുമ്പോള്‍ കുടയോ മറ്റോ ചൂടുക. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക. കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.