തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. ഉത്തരേന്ത്യയെപ്പോലെ ചൂട് നമുക്ക് പരിചിതമല്ലാത്തതിനാല്‍ പലതരം ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തവണ ചൂട് വര്‍ധിക്കുമെന്ന് കണ്ടെത്തിയതിനാല്‍ ആരംഭത്തില്‍ തന്നെ മുഖ്യമന്ത്രിയുടെ നിര്‍ദേശത്താല്‍ യോഗം ചേരുകയും അതനുസരിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു. 12 മണിക്ക് ശേഷം പുറത്ത് തൊഴിലെടുക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അപൂര്‍വം ചിലയിടങ്ങളില്‍ ഇപ്പോഴുമത് തുടരുന്നുണ്ട്. അവര്‍ കര്‍ശനമായി ജോലിസമയം പുനഃക്രമീകരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

Read: കൊടും ചൂട്: ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ഇതുവരെ നിരവധി പേര്‍ക്ക് സൂര്യാതപം മൂലമുള്ള പ്രശ്‌നങ്ങളുണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും അവരിലൂടെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ ഐഎംഎയുടെ സഹകരണത്തോടെ സ്വകാര്യ ആശുപത്രികളുടെ സഹകരണവും ഉറപ്പുവരുത്തിയിട്ടുണ്ട്. നേരിട്ട് വെയില്‍ കൊള്ളാതിരിക്കുക, ദാഹമില്ലെങ്കില്‍ കൂടി ധാരാളം വെള്ളം കുടിക്കുക എന്നിവ എല്ലാവരും കര്‍ശനമായി പാലിക്കേണ്ടതാണ്.

പാതയോരത്തെ ശീതള പാനീയങ്ങളുടെ വില്‍പന ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ചു വരുന്നു. ശുദ്ധജലം മാത്രമേ ശീതള പാനീയത്തിലും ഐസിലും ഉപയോഗിക്കാവൂ എന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് വാങ്ങി കുടിക്കുന്നവരും ഇത് ഉറപ്പുവരുത്തേണ്ടതാണ്.

Read: ചൂട് കനക്കുന്നു: സംസ്ഥാനത്ത് സൂര്യാഘാതം ഏറ്റത് അറുപതോളം പേര്‍ക്ക്

ചൂട് ഇനി ഒരാഴ്ചകൂടി നിണ്ടുനില്‍ക്കുമെന്നാണ് അറിയുന്നത്. ചൂട് കൂടുന്നതനുസരിച്ച് വിവിധതരം പകര്‍ച്ചവ്യാധികള്‍ പകരാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വലിയ പ്രാധാന്യം നല്‍കി വരുന്നു. ഉപയോഗിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കിയാല്‍ തന്നെ പകര്‍ച്ചവ്യാധികള്‍ വലിയൊരളവില്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.