scorecardresearch
Latest News

ഏഴ് പേര്‍ക്ക് പുതുജീവിതം നല്‍കി നേവിസ്; ഹൃദയം കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചു

കളമശ്ശേരിയിൽ നിന്ന് നോർത്ത് പറവൂർ, തൃപ്രയാർ, ഗുരുവായൂർ, പൊന്നാനി, തിരൂർ, താനൂർ, പരപ്പനങ്ങാടി, രാമനാട്ടുകര വഴിയാണ് ആംബുലൻസ് കോഴിക്കോട്ടെ മെട്രോ ആശുപത്രിയിലെത്തിയത്

Heart Transplantation, Ernakulam to kozhikode Ambulance, Navis, Rajagiri, Metro international Cardiac center, Veena George, Traffic Model, നേവിസ്, ആംബുലൻസ്, വീണ ജോർജ്, എറണാകുളം, രാജഗിരി, മെട്രോ ഹോസ്പിറ്റൽ, malayalam news, kerala news,

തിരുവനന്തപുരം:എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ നേവിസിന്റെ (25) ഹൃദയവും വഹിച്ച് കൊണ്ടുള്ള വാഹനം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിച്ചു. ഹൃദയവും വഹിച്ചുകൊണ്ടുള്ള വാഹനത്തിന് വഴിയൊരുക്കി സഹായിക്കാൻ ആരോഗ്യ മന്ത്രി വീണ ജോർജ് അഭ്യർത്ഥിച്ചിരുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് ഹൃദയം കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചത്.

എത്രയും വേഗം ഹൃദയം കോഴിക്കോട് എത്തിച്ച് ചികിത്സയിലുള്ള രോഗിയില്‍ വച്ച് പിടിപ്പിക്കണമെന്നും ഓരോ നിമിഷവും പ്രധാനമാണെന്നും ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ മന്ത്രി പറഞ്ഞിരുന്നു.

“അവയവദാന പ്രക്രിയയ്ക്കും സുഗമമായ യാത്രയ്ക്കും വേണ്ട ക്രമീകരണങ്ങളെല്ലാം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇക്കാര്യം ബഹു. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പോലീസ് ഉദ്യോഗസ്ഥര്‍ ഗതാഗത ക്രമീകരണമൊരുക്കുന്നുണ്ട്. എങ്കിലും എല്ലാവരും വഴിയൊരുക്കി ഈ വാഹനത്തെ കടത്തി വിടേണ്ടതാണ്,” എന്നായിരുന്നു മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.

കളമശ്ശേരിയിൽ നിന്ന് നോർത്ത് പറവൂർ, തൃപ്രയാർ, ഗുരുവായൂർ, പൊന്നാനി, തിരൂർ, താനൂർ, പരപ്പനങ്ങാടി, രാമനാട്ടുകര വഴിയായിരുന്നു ആംബുലൻസിന്റെ പാത.

രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ എട്ട് അവയവങ്ങള്‍ ബന്ധുക്കള്‍ ദാനം ചെയ്തിട്ടുണ്ട്. ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്.

Also Read: ‘സമൃദ്ധി’ കടൽ കടക്കും, ഒല്ലൂരിനെ സമൃദ്ധമാക്കാൻ

കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ സാജന്‍ മാത്യുവിന്റെ മകനാണ് നേവിസ് (25). ഏറെ വിഷമ ഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകീര്‍ത്തിച്ചു. അച്ഛന്‍ സാജന്‍ മാത്യുവിനേയും അമ്മ ഷെറിനേയും സഹോദരന്‍ എല്‍വിസിനേയും സര്‍ക്കാരിന്റെ ആദരവ് അറിയിച്ചു.

ഫ്രാന്‍സില്‍ അക്കൗണ്ടിംഗ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കോവിഡ് കാരണം ഇപ്പോള്‍ ഓണ്‍ലൈനായാണ് ക്ലാസ്. കഴിഞ്ഞ 16നാണ് സംഭവമുണ്ടായത്. രാത്രിയുള്ള പഠനം കഴിഞ്ഞിട്ട് ഉണരാന്‍ വൈകിയിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന സഹോദരി വിസ്മയ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോള്‍ അബോധാവസ്ഥയില്‍ നേവിസിനെ കണ്ടെത്തുകയായിരുന്നെന്ന് ആരോഗ്യവകുപ്പ് വാർത്താക്കുറിപ്പിൽ പറഞ്ഞു. ഉടന്‍ തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലമുള്ള പ്രശ്‌നമായിരുന്നുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

ആരോഗ്യ നിലയില്‍ വലിയ മാറ്റം വരാത്തതിനാല്‍ 20-ാം തീയതി എറണാകുളം രാജഗിരി ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Heart transplantation organ donation of 25 year old kottayam native ambulance from ernakulam to kozhikode