കൊച്ചി: ഹൃദയമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച കൊട്ടാരക്കര സ്വദേശി അനുജിത്തിൻ്റെ (27) ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള തൃപ്പൂണിത്തുറ സ്വദേശിക്കാണ് (55) ഡോ: ജോസ് ചാക്കോ പെരിയപ്പുറത്തിൻ്റെ നേതൃത്യത്തിൽ വച്ചു പിടിപ്പിച്ചത്. പുലർച്ചെ 5.45 നു ഡോ: ജേക്കബ്ബ് എബ്രഹാമിൻ്റെ നേതൃത്വത്തിൽ നാലംഗ സംഘം കിംസ് ആശുപത്രിയിലേക്ക് തിരിച്ച് ഒൻപതു മണിയോടെ അവിടെ എത്തിച്ചേർന്നു.
രാവിലെ 10.30 ന് ഹൃദയം എടുക്കുവാനുള്ള ശസ്ത്രക്രിയ ആരംഭിച്ച് 1.30-ഓടെ പൂർത്തിയാക്കി. കിംസ് ആശുപത്രിയിലെ കാർഡിയാക് സർജൻ ഡോ: ഷാജി പാലങ്ങാടൻ ഹൃദയം എടുക്കുവാനുള്ള ശസ്ത്രക്രിയയിൽ പങ്കാളിയായിരുന്നു. 1.50 ന് ഹൃദയവുമായി ഹെലികോപ്ടറിൽ തിരിച്ച സംഘം 2.45 ന് ഹയാത്ത് ഹോട്ടലിൻ്റെ ഹെലിപ്പാടിൽ ഇറങ്ങി. തുടർന്ന് അസി. കമ്മീഷണർ കെ.ലാൽജിയുടെ നേതൃത്വത്തിൽ ഗ്രീൻ കോറിഡോർ സൃഷ്ടിച്ച് നാലു മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൃദയം ലിസി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ ആരംഭിച്ചു. അവിടെ നിന്നും ഹൃദയം എടുത്ത് മൂന്നു മണിക്കൂർ പതിനൊന്ന് മിനിറ്റ് കൊണ്ട് പുതിയ ശരീരത്തിൽ മിടിച്ചു തുടങ്ങി. ഏഴു മണിയോടെ ശസ്ത്രക്രിയ പൂർത്തിയാക്കി.
അടുത്ത 48 മണിക്കർ ശസ്ത്രക്രിയ പോലെ തന്നെ പ്രധാന പ്പെട്ടതാണെന്ന് ഡോ: ജോസ് ചാക്കോ പറഞ്ഞു. ഡോ : ജേക്കബ് എബ്രഹാം, ഡോ: റോണി മാത്യു, ഡോ: ഭാസക്കർ രംഗനാഥൻ, ഡോ: ജോ ജോസഫ്, ഡോ: ജീവേഷ് തോമസ്, ഡോ: സൈമൺ ഫിലിപ്പോസ്, ഡോ: മുരുകൻ,ഡോ: ജോബ് വിൽസൺ, ഡോ: ഗ്രേസ് മരിയ, ഡോ: ആൻറണി ജോർജ്ജ് എന്നിവരുടെ നേതൃത്യത്തിലാണ് ശസ്ത്രക്രിയയും തുടർ ചികിത്സയും.
സംസ്ഥാന സർക്കാർ വാടകയ്ക്ക് എടുത്ത ഹെലികോപ്ടർ വീണ്ടും അവയവദാന ദൗത്യത്തിന്റെ ഭാഗമായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയുടെ ഹൃദയമാണ് കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കായി ഹെലികോപ്റ്ററിൽ എത്തിച്ചത്. പൊലീസ് ഹെലികോപ്റ്ററിലെ രണ്ടാമത്തെ ദൗത്യമാണിത്.
മസ്തിഷ്ക മരണം സംഭവിച്ച അനുജിത്തിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സമ്മതിച്ചതോടെയാണ് ഇതിനുള്ള നടപടികൾ ആരംഭിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നാണ് അനുജിത്തിന്റെ ഹൃദയം വഹിച്ചുകൊണ്ടുള്ള പ്രത്യേക സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടത്. ഉദ്ദേശിച്ചതിനേക്കാൾ വളരെ വേഗത്തിൽ ആശുപത്രിയിൽ എത്താൻ സാധിച്ചെന്ന് പൊലീസ് പറഞ്ഞു.
Also Read: പറന്നു വന്ന ഹൃദയങ്ങള്‍ സ്വീകരിച്ചവർ കണ്ട് മുട്ടിയപ്പോൾ
പൊലീസിനായി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സർക്കാർ ട്രഷറിയിൽ നിന്നും ഒന്നരക്കോടി രൂപ കൈമാറിയത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നതിനായി പവന്‍ഹാന്‍സ് കമ്പനിക്ക് 1.5 കോടി രൂപ കൈമാറിയിരുന്നു. ഇതേത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത് അമിത ധൂര്‍ത്താണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.