പറന്നു വന്ന ഹൃദയങ്ങള്‍ സ്വീകരിച്ച മൂന്ന് മനുഷ്യര്‍ ലിസി ആശുപത്രിയില്‍ കണ്ട് മുട്ടിയപ്പോൾ അതൊരു മറക്കാനാവാത്ത നിമിഷമായി. രണ്ടാഴ്ച മുന്‍പ് ഹെലികോപ്ടറില്‍ എത്തിച്ച ഹൃദയം സ്വീകരിച്ച ലീനയെ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് വ്യോമമാര്‍ഗ്ഗമെത്തിച്ച ഹൃദയം ലിസി ആശുപത്രിയില്‍ വച്ചു സ്വീകരിച്ച മാത്യു അച്ചാടനും സന്ധ്യയുമാണ് സന്ദർശിച്ചത്.

ലീനയില്‍ മിടിക്കുന്നത് ലാലി ടീച്ചറുടെ ഹൃദയമാണ്. 2015 ല്‍ മസ്തിഷക മരണം സംഭവിച്ച നീലകണ്ഠ ശര്‍മ്മയുടെ ഹൃദയം നേവിയുടെ ഡോണിയര്‍ വിമാനത്തില്‍ എത്തിച്ചാണ് ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടനില്‍ വച്ചു പിടിപ്പിച്ചത്. 2016 ല്‍ സമാനരീതിയില്‍ എത്തിച്ച വിശാലിന്റെ ഹൃദയമാണ് സന്ധ്യയുടെ ശരീരത്തിലുളളത്.

വര്‍ഷം തോറുമുള്ള തുടര്‍പരിശോധനകള്‍ക്കായാണ് മാത്യുവും, സന്ധ്യയും ലിസി ആശുപത്രിയില്‍ എത്തിയത്. മാത്യുവിന്റെ ഒപ്പം ഭാര്യ ബിന്ദുവും, സന്ധ്യയുടെ ഒപ്പം മകൻ നാല് വയസ്സുകാരൻ ഗൗതം, ഭർത്താവ് പ്രമോദ് എന്നിവരും ഉണ്ടായിരുന്നു. അവര്‍ വരുന്നതറിഞ്ഞ് ലീന കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നു. സാധാരണ ജീവിതം നയിക്കുന്ന മാത്യുവിനെയും സന്ധ്യയെയും കണ്ടപ്പോള്‍ തന്റെ ആത്മവിശ്വാസം വളരെയധികം വർധിച്ചെന്ന് ലീന പറഞ്ഞു. ലീനയ്ക്കും തങ്ങളെപ്പോലെ എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിയട്ടെ എന്നാശംസിച്ച് അവര്‍ മടങ്ങുമ്പോള്‍ ലീനയുടെ മുഖത്ത് അതുവരെയില്ലാത്ത ഒരു തെളിച്ചമുണ്ടായിരുന്നു.

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം മുറിയില്‍ വിശ്രമിക്കുന്ന ലീനയുടെ ആരോഗ്യനില പൂര്‍ണ്ണ തൃപ്തികരമാണെന്നും വൈകാതെ തന്നെ ആശുപത്രി വിടാനാകുമെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം കൊച്ചിയിലെത്തിച്ച ഹൃദയമാണ് ലീനയിൽ ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചത്. തിരുവനന്തപുരം കിംസിൽ നിന്നും ഹൃദയവുമായി എയർ ആംബുലൻസിലാണ് ഹൃദയം കൊച്ചിയിലെത്തിച്ചത്. സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററാണ് എയര്‍ ആംബുലന്‍ലസായി ഉപയോഗിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.