എറണാകുളം: എംബിബിഎസ് പരീക്ഷാ ഫലം ചോർന്നതായി പരാതി. 2012 എംബിബിഎസ് ബാച്ചിന്റെ പരീക്ഷാഫലം ഇന്നു പ്രഖ്യാപിക്കാനിരിക്കെയാണ് ഫലം ചോർന്നതായി പരാതി ഉയർന്നത്. ഇന്നലെ വൈകിട്ട് കോലഞ്ചേരി മെഡിക്കൽ കോളജിന്റെ വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിച്ചിരുന്നു. തങ്ങളുടെ കോളജിൽ വൻ വിജയം എന്ന രീതിയിൽ പ്രസിദ്ധീകരിച്ച ഫലം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തിയത്.

ആരോഗ്യ സർവകലാശാലയുടെ വെബ്സൈറ്റ് വഴിയാണ് ഫലം ചോർന്നതെന്നാണു സൂചന. ഒന്നിലേറെ പരീക്ഷകളുടെ ഫലം ഇത്തരത്തിൽ ചോർന്നതായും സൂചനയുണ്ട്. സർവകലാശാല പ്രസിദ്ധീകരിക്കാൻ ഇരുന്ന ഫലമാണ് പുറത്തായത് എന്ന് ആരോഗ്യ സർവകലാശാല അധികൃതർ പറഞ്ഞു. സംഭവത്തിൽ ആരോഗ്യ സർവകലാശാല അധികൃതർ സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ട്.

പരീക്ഷ ഫലം ചോർന്നതിന് എതിരെ പരിയാരം സഹകരണ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികൾ ആരോഗ്യ സർവകലാശാലയ്ക്കും മന്ത്രി കെ.കെ.ശൈലജയ്ക്കും പരാതി നൽകി. പരീക്ഷ ചോദ്യ പേപ്പറുകളും ഇത്തരത്തിൽ ചോർന്നിരിക്കാമെന്നും ചില സ്വകാര്യ മെഡിക്കൽ കോളജുകളുടെ വിജയശതമാനം വലിയ തോതിൽ ഉയരുന്നത് ഇങ്ങനെയാണെന്നും വിദ്യാർഥികൾ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ