scorecardresearch
Latest News

ബ്രഹ്മപുരത്ത് ചൊവ്വാഴ്ച മുതല്‍ വീടുകളിലെത്തി ആരോഗ്യ സര്‍വെ; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി

രോഗമുള്ളവര്‍, കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു

veena george, cpm, ie malayalam

കൊച്ചി: തീപിടിത്തത്തിന്റേയും കടുത്ത പുകയുടേയും പശ്ചാത്തലത്തില്‍ ബ്രഹ്മപുരത്ത് ചൊവ്വാഴ്ച മുതല്‍ ആരോഗ്യ സര്‍വെ നടത്താന്‍ തീരുമാനം. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വെ നടത്തുമെന്ന് വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

ജനങ്ങളുടെ ആശങ്കയകറ്റാന്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. മൊബൈല്‍ യൂണിറ്റുകളുടെ സേവനവും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കളമശേരി മെഡിക്കല്‍ കോളേജിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം കാക്കനാട് ഹെല്‍ത്ത് സെന്ററില്‍ ലഭ്യമാക്കും. മെഡിസിന്‍, പള്‍മണോളജി, ഒഫ്ത്താല്‍മോളജി, പീഡിയാട്രിക്, സൈക്യാട്രി, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനവും ഉണ്ടായിരിക്കും.

എല്ലാ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കും. ഇവിടെ പള്‍മണറി ഫങ്ഷന്‍ ടെസ്റ്റ് നടത്താനാകും. മൊബൈല്‍ ലാബുകളില്‍ നെബുലൈസേഷനും പള്‍മണറി ഫങ്ഷന്‍ ടെസ്റ്റിനുമുള്ള സൗകര്യങ്ങളുണ്ടാകും. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ കണ്ടെത്തി ചികിത്സിയ്ക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് നടപടി. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും ഈ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുക.

മറ്റ് രോഗമുള്ളവര്‍, കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണം. അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്. ഈ പ്രചരണങ്ങളില്‍ ആശങ്കയോ ഭയമോ വേണ്ട. കാരണം ഇങ്ങനെ പ്രചരിപ്പിക്കുന്ന പലതിനും ശാസ്ത്രീയ അടിത്തറയില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ബ്രഹ്മപുരത്തെ പുകയണയ്ക്കല്‍ ദൗത്യം അവസാന ഘട്ടത്തിലെത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Health survey in brahmapuram from tuesday minister veena george