scorecardresearch
Latest News

അട്ടപ്പാടി ആദിവാസി മേഖലയില്‍ സമഗ്ര ആരോഗ്യ പദ്ധതി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

അട്ടപ്പാടി മേഖലയിലെ 30000ത്തിലേറെ വരുന്ന ആദിവാസി ജനവിഭാഗങ്ങള്‍ക്കാണ് ഈ പദ്ധതികൊണ്ട് ഗുണം ലഭിക്കുക

Kerala Minister, CPIM, Rice Price

അട്ടപ്പാടി: സംസ്ഥാന സര്‍ക്കാര്‍ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ അട്ടപ്പാടി ആദിവാസി മേഖലയില്‍ സമഗ്ര ആരോഗ്യ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. എന്‍എബിഎച്ച് അംഗീകാരമുള്ള സഹകരണമേഖലയിലെ ഏറ്റവും വലിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് ഇഎംഎസ് സഹകരണ ആശുപത്രി. രാജ്യത്ത് ഇത്തരമൊരു പദ്ധതി ആദ്യമായാണ് നടപ്പിലാക്കുന്നത് എന്നതുകൊണ്ട് ഒരു പൈലറ്റ് പദ്ധതിയായിട്ടാണ് ഇതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ളതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അട്ടപ്പാടി മേഖലയിലെ 30000ത്തിലേറെ വരുന്ന ആദിവാസി ജനവിഭാഗങ്ങള്‍ക്കാണ് ഈ പദ്ധതികൊണ്ട് ഗുണം ലഭിക്കുക. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമല്ലാത്ത രോഗ ചികിത്സ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ നിന്നും നല്‍കുന്നതായിരിക്കും. ഭക്ഷണവും യാത്രാസൗകര്യവും സര്‍ക്കാര്‍ സഹായത്തോടെ അനുവദിക്കും. അഞ്ച് വര്‍ഷത്തേക്കാണ് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയെ സര്‍ക്കാര്‍ ഈ ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. രോഗചികിത്സയില്‍ മാത്രം ഒതുങ്ങുന്ന രീതിയിലിലല്ല ഈ പദ്ധതി വിഭാവനം ചെയ്‌തിട്ടുള്ളത്. സമഗ്രമായ ആരോഗ്യ പുനരധിവാസം കൂടി ഈ പദ്ധതി വിഭാവനം ചെയ്യുന്നു.

ഗുണഭോക്താക്കള്‍ക്ക് ആശുപത്രി ആരോഗ്യ സ്‌മാര്‍ട്ട് കാര്‍ഡ് നല്‍കും. ആദിവാസി ഊരുകളില്‍ മെഡിക്കല്‍ ക്യാമ്പുകളും ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ആരോഗ്യ പ്രവര്‍ത്തകരെയും വിദഗ്‌ധരെയും നിയോഗിച്ച് ആശുപത്രി സംഘടിപ്പിക്കും. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരങ്ങളും വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രി നഴ്സിങ് പാരാമെഡിക്കല്‍ കോളേജില്‍ പരിശീലനം നല്‍കും. ആദ്യ വര്‍ഷത്തേക്ക് ആവശ്യമായ ഒന്നരക്കോടി രൂപ സര്‍ക്കാര്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുണ്ട്.

അട്ടപ്പാടിയിലുള്ള ആദിവാസി കോളനികളില്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ച് പോഷകാഹാരം ഉള്‍പ്പെടെയുള്ള ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തിയും ഡോക്‌ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സഹായത്തോടെ മൊബൈല്‍ ക്ലിനിക്കുകള്‍ നടത്തിയും പദ്ധതി നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമായ മരുന്നുകളും ലാബ് ടെസ്റ്റുകള്‍ ചെയ്യുന്നതിനുള്ള ഉപകരണങ്ങളും ആംബുലന്‍സ് സൗകര്യവും ലഭ്യമാക്കും. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രത്യേക പരിഗണനാര്‍ത്ഥം പോഷകാഹാരം ഉള്‍പ്പെടെയുള്ളവ നല്‍കുന്നതിനും, പ്രതിരോധ കുത്തിവയ്‌പുകള്‍ നടത്തി മാതൃശിശു സംരക്ഷണത്തിന് പ്രാധാന്യം കൊടുത്തും, ആരോഗ്യ പരിപാലനത്തെകുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. അഞ്ച് ഘട്ടങ്ങളിലായി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിയ്‌ക്ക് ആകെ12 കോടി 50 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു.

പദ്ധതി ജനകീയ പിന്തുണയോടെ വിജയകരമായി നടത്തുന്നതിനാവശ്യമായ വിദഗ്‌ധ സമിതികളെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. പാലക്കാട് ജോയിന്റ് റജിസ്ട്രാര്‍ കണ്‍വീനറായുള്ള വിദഗ്‌ധ സമിതിയില്‍ ഒറ്റപ്പാലം ആര്‍ഡിഒ ചെയര്‍മാനും, പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ട്രൈബല്‍ ഓഫീസര്‍, ഐടിഡിപി ഉദ്യോഗസ്ഥര്‍ എന്നീ വിദഗ്‌ധാംഗങ്ങളും ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ഇഎംഎസ് ആശുപത്രി ചെയര്‍മാന്‍, ജനറല്‍ മാനേജര്‍ എന്നിവരും സമിതി അംഗങ്ങളാണ്. ഇതിനുപുറമെ പ്രാദേശിക മോണിറ്ററിങ് കമ്മിറ്റിയെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജൂണ്‍ 26-ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. അഗളി കില ഓഡിറ്റോറിയത്തില്‍ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ അഡ്വ.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ അധ്യക്ഷനാകും. എം.ബി.രാജേഷ് എംപി, പി.കെ.ശശി എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Health projects for adivasi in attappadi