scorecardresearch

Latest News

കേസുകള്‍ ഉയരുന്നതില്‍ ആശങ്ക വേണ്ട, അടച്ചുപൂട്ടല്‍ ജനജീവിതത്തെ ബാധിക്കും: വീണാ ജോര്‍ജ്

ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു

Omicron wave, Covid19, Veena George, ie malayalam

തിരുവനന്തപുരം: കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഓരോരുത്തരും ആരോഗ്യ സംരക്ഷണം ഉറപ്പാക്കണം. സമ്പൂര്‍ണ അടച്ചിടല്‍ ജനങ്ങളുടെ ജീവിതത്തെയും ജീവിതോപാധിയേയും സാരമായി ബാധിക്കും. അതിനാല്‍, ജനത്തെ ബുദ്ധിമുട്ടിക്കാത്ത ശാസ്ത്രീയമായ സ്ട്രാറ്റജിയാണ് കേരളം ആവിഷ്‌കരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനമാകെ അടച്ചുപൂട്ടിയാല്‍ ജനങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലേക്കു പോകും. കടകള്‍ അടച്ചിട്ടാല്‍ വ്യാപാരികളെ ബാധിക്കും. വാഹനങ്ങള്‍ നിരത്തിലിറങ്ങാതെയിരുന്നാല്‍ അത് എല്ലാവരെയും ബാധിക്കും. ജില്ലയിലെ ആശുപത്രികളിലെ രോഗികളുടെ എണ്ണം അനുസരിച്ചാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കോവിഡ് ഒന്നും രണ്ടും തരംഗങ്ങളില്‍നിന്നു വ്യത്യസ്തമാണ് മൂന്നാം തരംഗം. ആദ്യ തരംഗത്തില്‍ കോവിഡ് ബാധിച്ച് തുടങ്ങുമ്പോള്‍ ലോകത്താകമാനം വ്യക്തമായ പ്രോട്ടോകോളില്ലായിരുന്നു. അതിനാലാണ് രാജ്യമാകമാനം ലോക് ഡൗണിലേക്കു പോയത്. രണ്ടാം തരംഗ സമയത്ത് ജനുവരിയോടെ കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചു.

Also Read: കോവിഡ് വ്യാപനം: പി എസ് സി പരീക്ഷകള്‍ മാറ്റി

സംസ്ഥാനത്ത് 2021 മേയ് 12ന് 43,529 ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വാക്സിനേഷന്‍ 20 ശതമാനമാനത്തിനടുത്തായിരുന്നു. അതിനുശേഷം പ്രത്യേക വാക്സിനേഷന്‍ ഡ്രൈവുകള്‍ ആവിഷ്‌കരിച്ചു. ഇപ്പോള്‍ 18 വയസിനു മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷന്‍ 100 ശതമാനമാണ്. ഇതോടെ മഹാഭൂരിപക്ഷത്തിനും കോവിഡ് പ്രതിരോധ ശേഷി കൈവരിക്കാനായി. അതിനാലാണ് ഇപ്പോള്‍ കോവിഡ് കേസുകള്‍ ഉയരുന്നുണ്ടെങ്കിലും ആശുപത്രികളിലാകുന്നവരുടെ എണ്ണം വളരെ കുറയുന്നത്.

നിലവില്‍ ആകെ 1,99,041 കോവിഡ് ആക്ടീവ് കേസുകളില്‍ മൂന്നു ശതമാനം പേര്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. മെഡിക്കല്‍ കോളേജുകളിലെ ഐസിയുവില്‍ പ്രവേശിക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണ്‍ വകഭേദം പെട്ടന്ന് വ്യാപിക്കുമെങ്കിലും ഗുരുതരാവസ്ഥ കുറവാണ്. എങ്കിലും പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും വാക്സിനെടുക്കാത്തവരിലും രോഗം ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

ടിപിആര്‍ മാനദണ്ഡമാക്കുന്നതു വളരെ മുമ്പ് തന്നെ മാറ്റം വരുത്തിയിരുന്നു. ഇപ്പോള്‍ ടിപിആര്‍ മാനദണ്ഡമാക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് രോഗലക്ഷണമുള്ളവര്‍ക്കു കോവിഡ് പരിശോധന നടത്തിയാല്‍ മതി. അതിനാല്‍ പരിശോധന നടത്തുന്ന വലിയൊരു വിഭാഗത്തിനും കോവിഡ് വരാന്‍ സാധ്യതയുണ്ട്. അപ്പോള്‍ സ്വാഭാവികമായും ടിപിആര്‍ ഉയര്‍ന്നു നില്‍ക്കും.

Also Read: മൂന്നാം തരംഗം നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്താന്‍; ആരോഗ്യവകുപ്പ് നിശ്ചലമെന്നും സതീശന്‍

മുന്നില്‍ കണ്ട് ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍, പീഡിയാട്രിക് സൗകര്യങ്ങള്‍ എന്നിവ വലിയ തോതില്‍ വര്‍ധിപ്പിച്ചു. 25 ആശുപത്രികളില്‍ 194 പുതിയ ഐസിയു യൂണിറ്റുകള്‍, 19 ആശുപത്രികളിലായി 146 എച്ച്ഡിയു യൂണിറ്റുകള്‍, 10 ആശുപത്രികളിലായി 36 പീഡിയാട്രിക് ഐസിയു യൂണിറ്റുകള്‍ എന്നിവ സജ്ജമാക്കി. സെന്റര്‍ ഓഫ് എക്സലന്‍സിന്റെ ഭാഗമായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലും എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 12 കിടക്കകള്‍ വീതമുള്ള ഐസിയു, എച്ചിഡിയു കിടക്കളും സജ്ജമാക്കി. ആകെ 400 ഐസിയു, എച്ച്ഡിയു യൂണിറ്റുകളാണ് സജ്ജമാക്കിയത്.

ചെറിയ കുഞ്ഞുങ്ങള്‍ മുതലുള്ള കുട്ടികള്‍ക്കുള്ള 99 വെന്റിലേറ്ററുകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള 66 വെന്റിലേറ്ററുകള്‍, 100 പീഡിയാട്രിക് അഡള്‍ട്ട് വെന്റിലേറ്ററുകള്‍, 116 നോണ്‍ ഇന്‍വേസീവ് വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെ ആകെ 381 പുതിയ വെന്റിലേറ്ററുകള്‍ സജ്ജമാക്കി. ഇതുകൂടാതെ 147 ഹൈ ഫ്ളോ വെന്റിലേറ്ററുകളുടെ വിതരണം പുരോഗമിക്കുന്നു.

മെഡിക്കല്‍ കോളജുകളില്‍ 239 ഐസിയു, ഹൈ കെയര്‍ കിടക്കകള്‍, 222 വെന്റിലേറ്റര്‍, 85 പീഡിയാട്രിക് ഐസിയു കിടക്കകള്‍, 51 പീഡിയാട്രിക് വെന്റിലേറ്ററുകള്‍, 878 ഓക്സിജന്‍ കിടക്കള്‍, 113 സാധാരണ കിടക്കകള്‍ എന്നിവ ഉള്‍പ്പെടെ 1588 കിടക്കള്‍ പുതുതായി സജ്ജമാക്കിയിട്ടുണ്ട്.

ലിക്വിഡ് ഓക്സിജന്റെ സംഭരണ ശേഷിയും വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി നിലവില്‍ 1817.54 മെട്രിക് ടണ്‍ ലിക്വിഡ് ഓക്സിജന്‍ സംഭരണ ശേഷിയുണ്ട്. 159.6 മെട്രിക് ടണ്‍ അധിക സംഭരണശേഷി സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

എല്ലാവരും ഒന്നിച്ചുപ്രവര്‍ത്തിക്കേണ്ട സമയമാണിത്. ക്വാറന്റൈനിലുള്ള ഡോക്ടര്‍മാര്‍ പോലും ഇ സഞ്ജീവനി ടെലി മെഡിസിന്‍ സേവനങ്ങള്‍ക്കായി മുന്നോട്ടുവരുന്നത് അഭിനന്ദനാര്‍ഹമാണ്. ഗൃഹപരിചരണം സംബന്ധിച്ച് ആര്‍ആര്‍ടി, വാര്‍ഡ് സമിതി അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, തദ്ദേശസ്ഥാപന ജീവനക്കാര്‍, വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള അങ്കണവാടി, ഐസിഡിഎസ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്കു ശനിയാഴ്ച പരിശീലനം നല്‍കുന്നുണ്ട്.

Also Read: മമ്മൂട്ടിക്ക് കോവിഡ് വന്നത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണൊ? വിമര്‍ശിക്കുമ്പോള്‍ വസ്തുതകള്‍ മനസിലാക്കണമെന്ന് കോടിയേരി

എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കണം. ഗുരുതര രോഗമുള്ളവര്‍ പനിയോ മറ്റ് ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ പരിശോധന നടത്തണം. അല്ലാത്തവര്‍ ഹോം ഐസൊലേഷനില്‍ തുടരണം. ഹോം ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. വീട്ടിലെ മറ്റുള്ളവരുമായി സമ്പര്‍ക്കമുണ്ടാകരുത്.

ആരോഗ്യവകുപ്പ് ക്ലസ്റ്റര്‍ മാനേജ്മെന്റ് മാര്‍ഗനിര്‍ദേശം തയാറാക്കി. എല്ലാ ഓഫിസുകളിലും സ്ഥാപനങ്ങളിലും ഒരു ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീം ഉണ്ടായിരിക്കണം. ഇവര്‍ക്ക് പ്രത്യേക പരീശീലനം ജില്ലാ അടിസ്ഥാനത്തില്‍ നല്‍കും. പത്ത് പേര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ആ സ്ഥാപനം ലാര്‍ജ് ക്ലസ്റ്ററായി മാറും.

ഇതുപോലെ പത്ത് പേര്‍ പോസിറ്റീവ് ആകുന്ന അഞ്ച് ക്ലസ്റ്ററുണ്ടെങ്കില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് സ്ഥാപനം അടിച്ചിടേണ്ടതാണ്. അടച്ചു പൂട്ടല്‍ അവസാന മാര്‍ഗമായിട്ടാണ് കാണേണ്ടത്. രോഗവ്യാപനം ഉണ്ടാകാതെ ശ്രദ്ധിക്കണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും വെന്റിലേഷന്‍ സൗകര്യം ഉണ്ടായിരിക്കണം.

ആരോഗ്യപ്രവര്‍ത്തകര്‍ പനിയോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ പരിശോധിച്ചതിന് ശേഷം ആശുപത്രികളില്‍ എത്തുക. അഞ്ച് വയസിന് താഴെപ്രായമുള്ളവര്‍ മാസ്ക് ധരിക്കേണ്ടതില്ല. വാക്സിന്‍ എടുക്കാനുള്ളവര്‍ എത്രയും പെട്ടെന്ന് വാക്സിനെടുക്കുക. ഒമിക്രോണിനെതിരെ വാക്സിന് തീര്‍ച്ചയായും പ്രതിരോധമുണ്ട്.

Also Read: വി.എസ്.അച്യുതാനന്ദന് കോവിഡ്; ആശുപത്രിയിലേക്ക് മാറ്റി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Health minister veena george on covid situation jan

Best of Express