തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ അരലക്ഷം കടന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് തിരുവനന്തപുരം കഴിഞ്ഞാല്‍ ആശുപത്രിയിലെത്തുന്ന കേസുകള്‍ കൂടുതലായുള്ളത്. 20 മുതല്‍ 30 വയസു വരെ പ്രായമുള്ളവരിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗവ്യാപനം വെല്ലുവിളിയാവുകയാണെന്നും മന്ത്രി പറഞ്ഞു.
“സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകരിലെ രോഗവ്യാപനം തടയാനുള്ള നടപടികള്‍ എല്ലാ ആശുപത്രികളിലും ഉണ്ടോയെന്ന് ഉറപ്പു വരുത്തും. ഫീല്‍ഡ് തലത്തിലും അല്ലാതെയും പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം,” ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
“ആശുപത്രികളില്‍ 57 ശതമാനം ഐസിയു കിടക്കകള്‍ ഒഴിവുണ്ട്. കോവിഡ് രോഗിയുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ വരുന്നവര്‍ ക്വാറന്റൈനില്‍ കഴിയേണ്ടതില്ല. സ്കൂളുകളില്‍ കുട്ടികളെത്താത്തതിനാല്‍ വാക്സിനേഷന്റെ വേഗത കുറഞ്ഞു. ഇതിന് വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകള്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ ബദല്‍ മാര്‍ഗം കണ്ടെത്തും,” മന്ത്രി വ്യക്തമാക്കി.
“രോഗവ്യാപനത്തിന്റെ തീവ്രത കുറയ്ക്കുന്നതിനായി രണ്ടാം ഡോസ് വാക്സിനേഷന്‍ വേഗത്തില്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കും. വലിയ ആള്‍കൂട്ടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് തിയേറ്ററുകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. മാളുകളിലും ബാറുകളിലും ആള്‍കൂട്ടം പാടില്ലെന്ന കര്‍ശന നിര്‍ദേശമാണുള്ളത്,” വിണാ ജോര്‍ജ് പറഞ്ഞു.
Also Read: ലോകായുക്തയുടെ പ്രസക്തി ഇല്ലാതാക്കി; ഒപ്പിടരുതെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചെന്ന് വി.ഡി.സതീശൻ