തിരുവനന്തപുരം: ബാലാവകാശ കമീഷൻ നിയമനവിവാദത്തിൽ തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന്​ തെളിഞ്ഞുവെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ. സ്​ത്രീയാണെന്ന പരിഗണനപോലുമില്ലാതെ പ്രതിപക്ഷം ത​ന്നെ വളഞ്ഞിട്ട്​ ആക്രമിക്കുകയായിരുന്നു. വ്യക്തിഹത്യ നടത്തിയ പ്രതിപക്ഷത്തിനെതിരെ നിയമനടപടി ആ​ലോചിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

താൻ ചെയ്യാത്ത കുറ്റത്തിനാണ്​ തന്നെ പ്രതിപക്ഷം ആക്രമിച്ചതെന്നും അതിനു പികിൽ മറ്റ്​ പലതുമുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെറ്റാണ്​ താൻ ചെയ്​തതെങ്കിൽ കോടതി പറയുന്ന ശിക്ഷ ഏറ്റുവാങ്ങാൻ തയാറാണെന്ന്​ നേരത്തെ വ്യക്തമാക്കിയതാണ്​. കമീഷൻ നിയമനത്തിന്​ കാലാവധി നീട്ടിയത്​ കൂടുതൽ നല്ല അപേക്ഷകർ എത്ത​ട്ടേയെന്ന്​ കരുതിയാണെന്നും കോടതി തനിക്ക്​ എതിരായ പരാമർശങ്ങൾ നീക്കം ചെയ്​തതിൽ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച കേരള ഹൈക്കോടതി പരാമർശം, ഹൈക്കോടതി ഇന്ന് രാവിലെയാണ് കോടതി നീക്കിയത്. കോടതി പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സമർപ്പിച്ച ഹർജിയിലാണ് അനുകൂല വിധി ഉണ്ടായിരിക്കുന്നത്.ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഇന്ന് മന്ത്രിക്ക് അനുകൂലമായി വിധി പറഞ്ഞത്. മന്ത്രിയെ കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് വിധി പുറപ്പെടുവിച്ചതെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സത്യസന്ധമായല്ല തീരുമാനം എടുത്തതെന്ന് അടക്കം മന്ത്രിക്കെതിരായ മുഴുവൻ പരാമർശവും നീക്കാനാണ് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചത്. മന്ത്രി കേസിൽ കക്ഷിയല്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് പരാമർശം നീക്കി കിട്ടാൻ ഇന്നലെ മന്ത്രി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. എന്നാൽ മന്ത്രിക്കെതിരായ പരാമർശം നീക്കാൻ ഇന്നലെ കോടതി തയ്യാറായിരുന്നില്ല. പരാമർശം നീക്കിയില്ലെങ്കിൽ മന്ത്രി രാജിവയ്‌ക്കേണ്ടി വരുമെന്ന് ഇന്നലെ കോടതിയിൽ അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കിയിരുന്നു. 12 കേസിൽ പ്രതിയായ ഒരാൾ എങ്ങിനെ നിയമനം നേടിയെന്ന് വിശദീകരിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ