തിരുവനന്തപുരം: പാലോട് ആശുപത്രി മാലിന്യ സംസ്കരണ പ്ളാന്റ് തുടങ്ങാനുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നീക്കത്തിനെ പിന്തുണച്ച് ആരോഗ്യമന്ത്രി. മാലിന്യസംസ്കരണ പ്ളാന്റ് തുടങ്ങേണ്ടത് അത്യാവശ്യമാണെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ആശുപത്രി മാലിന്യം സംസ്കരിക്കാൻ വേറെ വഴിയില്ല. തെറ്റിദ്ധാരണ മൂലമാണ് ജനങ്ങളുടെ എതിര്‍പ്പെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു.

വനംമന്ത്രി കൂടി പങ്കെടുത്ത യോഗത്തിലാണ് പ്ളാന്റിന് പ്രാഥമിക അനുമതി നല്‍കിയതെന്ന് മന്ത്രി വ്യക്തമാക്കി. പ്ലാന്റ് സ്ഥാപിക്കുന്നത് എതിർക്കുന്ന വനംവകുപ്പിന്റെ നിലപാടിനെ മന്ത്രി തളളി.

ഐഎംഎ സ്ഥാപിക്കാനൊരുങ്ങുന്ന മാലിന്യപ്ലാന്‍റിനെതിരെ വനംവകുപ്പ് രംഗത്തുവന്നിരുന്നു. പ്ലാന്‍റ് വന്യജീവികളുടെ സ്വൈര്യവിഹാരത്തിന് തടസമുണ്ടാക്കുമെന്നും പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുമെന്നും ഡിഎഫ്ഒ റിപ്പോര്‍ട്ടിട്ട് നൽകിയിരുന്നു. ജലസ്രോതസുകള്‍ മലിനമാകുന്നത് സമീപത്തുള്ള നിരവധി ആദിവാസി ഊരുകളെ ബാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ടിൽ ഉണ്ടായിരുന്നു. പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും ഐഎംഎ പിന്‍മാറണമെന്നാവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്നും പ്രതിഷേധവും ഉയർന്നിരുന്നു.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശമായ അഗസ്ത്യമലയിലാണ് ബയോ മെഡിക്കല്‍ മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മിക്കാന്‍ നീക്കം നടക്കുന്നത്. യുനസ്കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ പ്രദേശത്ത് ഒരു ചെറിയ വ്യതിയാനംപോലും വരുത്താന്‍ പാടില്ല. സംസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ പ്ലാന്റാണ് തിരുവനന്തപുരത്ത് തുടങ്ങുന്നത്. 2004-ല്‍ പാലക്കാട് ആണ് ആദ്യം സംസ്കരണ പ്ലാന്റ് ആരംഭിച്ചത്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെയും മാലിന്യ സംസ്കരണം നിലവില്‍ ഐഎംഎയുടെ പാലക്കാട് പ്ലാന്റിലാണ് നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ