തിരുവനന്തപുരം: ജനിതകമാറ്റം വന്ന കൊറോണ വൈറസ് കേരളത്തിലും സ്ഥിരീകരിച്ചതോടെ ജാഗ്രത വർധിപ്പിച്ച് ആരോഗ്യ വകുപ്പ്. പ്രത്യേക സാഹചര്യത്തിൽ ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും പങ്കെടുക്കുന്നതിന് ആരോഗ്യ വകുപ്പ് മാർഗനിർദേശം പുറത്തിറക്കി.
പരിപാടികള്‍ നടത്തുന്നതിന് മുന്‍പ് ആരോഗ്യവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണം. കൂടാതെ കണ്ടെയിന്മെന്റ് മേഖലകളില്‍ പരിപാടി പാടില്ലെന്ന് നിര്‍ദ്ദേശിച്ചു. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍, 65 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയില്ല.
അതിതീവ്ര കോവിഡിനെ പ്രതിരോധിക്കാൻ കേരളത്തിൽ ജാഗ്രത വർധിപ്പിച്ചു. ജനിതകമാറ്റം സംഭവിച്ച കൊറോണ വെെറസിന്റെ സാന്നിധ്യം ഇന്നലെയാണ് കേരളത്തിൽ സ്ഥിരീകരിച്ചത്. ഇതേ തുടർന്നാണ് ആരോഗ്യവകുപ്പ് കൂടുതൽ നടപടികളിലേക്ക് കടന്നത്. കോഴിക്കോട്-2, ആലപ്പുഴ-2, കോട്ടയം-1, കണ്ണൂർ-1 എന്നിങ്ങനെയാണ് കേരളത്തിൽ അതിതീവ്ര കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിതീവ്ര കോവിഡിന്റെ പ്രാദേശിക വ്യാപനം തടയാന്‍ നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് നിര്‍ദേശം നൽകി. ബ്രിട്ടണിൽ നിന്നെത്തിയ 1,600 പേരെയും സമ്പര്‍ക്കത്തില്‍ വന്നവരെയും പ്രത്യേകം നിരീക്ഷിക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരും സമ്പര്‍ക്കത്തില്‍ വന്നവരും ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം.