തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ഒരു മാസത്തേക്ക് കൂടി നീട്ടി. കാർഡ് എടുക്കാത്തതിലുള്ള നിയമനടപടികൾ ഒരു മാസത്തിനു ശേഷമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
ഇനിയൊരു സാവകാശം ഉണ്ടായിരിക്കുന്നതല്ല. അതിനാൽ ഈ കാലാവധിക്കുള്ളിൽ തന്നെ നിയമപരമായി എല്ലാവരും ഹെൽത്ത് കാർഡ് എടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഹെൽത്ത് കാർഡിനുള്ള സമയപരിധി രണ്ടു തവണ നീട്ടി നൽകിയിരുന്നു.
സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കേണ്ടതാണ്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്‌സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വര്‍ഷമാണ് ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി.
ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയ പരിധി അവസാനിച്ചാൽ അതത് ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും പരിശോധന നടത്തും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്. ഭക്ഷ്യസുരക്ഷ പ്രത്യേക പരിശോധനയ്ക്കായുള്ള ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും (ഇന്റലിജന്‍സ്) അപ്രതീക്ഷിത പരിശോധനകള്‍ നടത്തും.
ഭക്ഷ്യവിഷബാധ പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ അന്വേഷിച്ച് ആവശ്യമായ തുടര്‍നടപടികള്‍ എടുക്കുന്നതിനും കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് ചെയ്യുന്നതിനുമാണു ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചത്. മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ വിപണിയിലെത്തുന്നതിനു മുമ്പായി തടയുന്നതും രഹസ്യ സ്വഭാവത്തോടുകൂടി അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതും ടാസ്‌ക് ഫോഴ്സിന്റെ ഉത്തരവാദിത്തമാണ്.