scorecardresearch
Latest News

ഹെൽത്ത് കാർഡ് ഡിജിറ്റലാക്കും, പണം വാങ്ങി നൽകുന്നവർക്കെതിരെ നടപടി: ആരോഗ്യ മന്ത്രി

ഇപ്പോഴത്തെ സംഭവം സർക്കാർ വളരെ ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി

veena george, cpm, ie malayalam

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡ് യാതൊരുവിധ പരിശോധനയുമില്ലാതെ പണം കൊടുത്താൽ നൽകുന്നുവെന്ന വാർത്തയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയതായി മന്ത്രി വീണ ജോർജ് പറഞ്ഞു.

ഒരു സർക്കാർ ഉദ്യോഗസ്ഥൻ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ കുറ്റകരമായ കാര്യമാണ്. പൊതുജനാരോഗ്യ സംരക്ഷണത്തിലും ഭക്ഷ്യ സുരക്ഷയിലും സര്‍ക്കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇപ്പോഴത്തെ സംഭവം സർക്കാർ വളരെ ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു.

ഹെൽത്ത് കാർഡ് ഡിജിറ്റലാക്കുമെന്നും മന്ത്രി അറിയിച്ചു. ഫൊട്ടോ പതിച്ച ഡിജിറ്റൽ കാർഡ് നൽകാനാണ് തീരുമാനം. ഇതിൽ കാർഡ് സർട്ടിഫൈ ചെയ്ത മെഡിക്കൽ ഓഫിസറുടെ പേര് രേഖപ്പെടുത്തും. മൂന്നു നാലു മാസത്തിനകം കാർഡ് നൽകി തുടങ്ങും. ഇതിനുള്ള ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കേണ്ടതാണ്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്‌സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വര്‍ഷമാണ് ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി.

എന്നാൽ, ചില ഡോക്ടർമാർ 300, 100 രൂപ വീതം വാങ്ങി പരിശോധനയൊന്നുമില്ലാതെ ഹെൽത്ത് കാർഡ് നൽകുന്ന റിപ്പോർട്ട് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ആരോഗ്യമന്ത്രി നടപടിക്ക് നിർദേശം നൽകിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Health card issued buying money health minister suggestion for investigation