കൊച്ചി: സിനിമ ലൊക്കേഷനുകളില്‍ ലൈംഗീകാതിക്രമം തടയുന്നതിനുള്ള ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യു.സി.സി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അബുദാബിയിൽ അടുത്തമാസം ഏഴിന് നടക്കുന്ന അമ്മ ഷോയ്ക്കും ഇന്റേർണൽ കംപ്ലയിന്റ്സ് കമ്മിറ്റി രൂപികരിക്കണം എന്ന് ആവശ്യവും ‍ഡബ്ലൂസിസി ഹൈക്കോടതിയില്‍ ഉന്നയിച്ചു. ഡബ്ല്യൂസിസിക്ക് വേണ്ടി റിമ കല്ലിങ്കൽ നൽകിയ മറുപടി സത്യവാങ്‌മൂലത്തിലാണ് ഇക്കാര്യം ഉള്ളത്.

തൊഴിലിടത്തെ ലൈംഗീകാതിക്രമം തടയാനുള്ള നിയമം സൊസൈറ്റികള്‍ക്കുള്‍പ്പടെ ബാധകമാണെന്ന് ഹര്‍ജിയിയില്‍ ചൂണ്ടിക്കാട്ടുന്നു. സംഘടനയില്‍ നടിമാര്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കാൻ കമ്മിറ്റിയുണ്ടെന്നാണ് ‘അമ്മ’ അധികൃതരുടെ വിശദീകരണം. കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരൻ എന്നിവരാണ് ഈ സമിതിയിലുള്ളതെന്ന് അമ്മ ജനറല്‍ സെക്രട്ടറി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഹർജിയെ പിന്തുണയ്ക്കുന്ന നിലപാടാകും കോടതിയിൽ സംസ്ഥാന സർക്കാര്‍ സ്വീകരിക്കുക. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചൂഷണ, അതിക്രമ പരാതികള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ പരാതി പരിഹാര സംവിധാനം അത്യാവശ്യമാണെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മലയാള സിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി സെൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസിയ്ക്ക് വേണ്ടി റിമ കല്ലിങ്കലും പത്മപ്രിയയുമാണ് നേരത്തെ ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ