കൊച്ചി: സിനിമാ മേഖലയിൽ വനിതകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളുടെ പരാതികൾ പരിഗണിക്കാൻ താരസംഘടനയായ അമ്മയിൽ പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകണമെന്നാവശ്യപ്പെട്ട് വുമൺ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നത് ഈ മാസം 26 ലേക്ക് മാറ്റി. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഫെഫ്ക, മാക്ട, ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ സാവകാശം തേടി. തുടർന്നാണ് ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിയത്.

കമ്മിറ്റി രൂപീകരിക്കാൻ അമ്മയ്ക്ക് ബാദ്ധ്യതയുണ്ടെന്ന് പ്രഖ്യാപിക്കണമെന്നും സംഘടനയ്ക്കു നിർദ്ദേശം നൽകാൻ സർക്കാരിനോട് ആവശ്യപ്പെടണമെന്നുമാണ് ഡബ്ല്യുസിസി പ്രസിഡന്റ് കൂടിയായ നടി റിമ കല്ലിങ്കലും പത്മപ്രിയയും നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

എല്ലാ തൊഴിൽ മേഖലകളിലും സമിതിക്ക് രൂപം നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ചൂഷണവും പീഡനവും തടയാൻ 2013ൽ പാർലമെന്റ് പ്രത്യേക നിയമം തന്നെ കൊണ്ടുവന്നു. പ്രൊഡ്യൂസേഴ്സ് ഗിൽഡ്, സ്ക്രീൻ റൈറ്റേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ പ്രത്യേക സമിതികൾക്ക് രൂപം നൽകിക്കഴിഞ്ഞു. എന്നാൽ താര സംഘടനയായ അമ്മ സ്വേച്‌ഛാധിപരമായ നിലപാടാണ് തുടരുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ പരാതി നൽകിയാൽ സിനിമ കഴിയുന്നതോടെ പരാതിയും ഇല്ലാതാകുന്ന സ്ഥിതിയാണ്. ​അനുയോജ്യരായ അംഗങ്ങളെ ഉൾപ്പെടുത്തി കമ്മിറ്റിക്ക് രൂപം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.