കൊച്ചി: കാട്ടാക്കട കെ എസ് ആര് ടി സി ഡിപ്പോയില്‍ നടന്ന സംഭവം ഞെട്ടിപ്പിക്കുന്നതെന്നു ഹൈക്കോടതി. യാത്രാ കണ്സെഷന് പുതുക്കാനെത്തിയ വിദ്യാര്‍ഥിനിക്കും പിതാവിനും ജീവനക്കാരില്‍നിന്ന് മര്‍ദനമേറ്റതു സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും കോടതി പറഞ്ഞു.
സംഭവത്തില്‍ കെ എസ് ആര് ടി സി മാനേജിങ് ഡയറക്ടറുടെ വിശദീകരണം പരിഗണിക്കവെയാണു ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ പരാമര്‍ശം. ജീവനക്കാര്‍ ഇങ്ങനെയാണോ പെരുമാറുന്നതെന്നു കോടതി ചോദിച്ചു. ഇതാണ് ജീവനക്കാരുടെ പെരുമാറ്റമെങ്കില്‍ കെ എസ് ആര് ടി സിയെ ആര് ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു.
സംഭവത്തിനുശേഷം അച്ഛനും മകള്‍ക്കും എന്ത് സംഭവിച്ചുവെന്ന് അറിയിക്കണം. ഇരുവരോടും വിശദാംശം അന്വേഷിച്ച് അവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കേസ് നാളെ ഉച്ചയ്ക്കു പരിഗണിക്കും.
സംഭവത്തില്‍ നാല് കെ എസ് ആര് ടി സി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതായും അഞ്ച് പേര്‍ക്കെതിരെ കേസെടുത്തായും സ്റ്റാന്‍ഡിങ് കോണ്‍സല്‍ കോടതിയെ അറിയിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണു ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം ആമച്ചല്‍ സ്വദേശി പ്രേമനനും മകൾ രേഷ്മയ്ക്കുമാണു കാട്ടാക്കട ഡിപ്പോയിൽ മർദനമേറ്റത്. കയ്യേറ്റം ചെയ്യല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ആദ്യം ചുമത്തിയിരുന്നത്. പിന്നീട് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം കൂടി ചുമത്തുകയായിരുന്നു. മര്‍ദനറ്റേ രേഷ്മയുടെ സുഹൃത്ത് അഖിലയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
സംഭവത്തില്‍ നാല് കെ എസ് ആര് ടി സി ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ആര്യനാട് യൂണിറ്റിലെ സ്റ്റേഷന് മാസ്റ്റര്‍ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ് ആര് സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍. നില്‍കുമാര്‍, അസിസ്റ്റന്റ് സി പി മിലന് ഡോറിച്ച് എന്നിവര്‍ക്കെതിരെയാണ് നടപടി.
45 ദിവസത്തനികം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കെ എസ് ആര് ടി സി സിഎംഡി ബിജു പ്രഭാകറിനു മന്ത്രി നിര്‍ദേശം നല്കി. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തില്‍ ബിജു പ്രഭാകര്‍ മാപ്പുചോദിച്ചിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്നം. അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്മെന്റ് സംരക്ഷിക്കില്ലെന്നു എംഡി അറിയിച്ചിരുന്നു.