കൊച്ചി: ഡ്രഡ്ജര്‍ ഇടപാടില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കി. ഡ്രഡ്ജര്‍ വാങ്ങിയതിന് സര്‍ക്കാരിന്റെ ഭരണാനുമതിയുണ്ടെന്നും ഇടപാടിന് പര്‍ച്ചേസ് കമ്മിറ്റിയുടെ അംഗീകാരമുണ്ടെന്നുമുള്ള ജേക്കബ് തോമസിന്റെ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് നാരായണ പിഷാരടിയുടെ ഉത്തരവ്.
അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സമര്‍പ്പിച്ച ഹര്‍ജി കോടതി അനുവദിച്ചു.
പര്‍ച്ചേസ് കമ്മിറ്റിയെ മറികടന്ന് കൃത്രിമ രേഖകള്‍ ഹാജരാക്കിയാണ് ഭരണാനുമതി വാങ്ങിയതെന്നും കരാറിനു മുന്‍പ് തന്നെ വിദേശ കമ്പനിയുമായി ജേക്കബ് തോമസ് ആശയവിനിമയം നടത്തിയിട്ടുണ്ടെന്നുമുള്ള വിജിലന്‍സിന്റെ കണ്ടെത്തല്‍ കോടതി തള്ളി.
Also Read: മിസ് കേരള വിജയികളായ അൻസിയും അഞ്ജനയും വാഹനാപകടത്തില്‍ മരിച്ചു
കോണ്‍ഗ്രസ് നേതാവ് സത്യന്‍ നരവുരിന്റെ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. സത്യനെതിരെ മണല്‍ഖനനത്തിന് നടപടിയെടുത്തതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് പരാതിയെന്നും ഉദ്യോഗസ്ഥരുമായി കൂട്ടുചേര്‍ന്നുള്ള പരാതി രാഷ്ടീയപ്രേരിതമാണെന്നുമായിരുന്നു ജേക്കബ് തോമസിന്റെ വാദം. വിജിലന്‍സും ഹൈക്കോടതിയും ആരോപണം നേരത്തെ പരിശോധിച്ചു തള്ളിയതാണന്നും ജേക്കബ് തോമസ് ബോധിപ്പിച്ചു.
നെതര്‍ലാന്‍ഡസ് കമ്പനിയില്‍നിന്ന് ഡ്രഡ്ജര്‍ വാങ്ങി സര്‍ക്കാരിന് 20 കോടി നഷ്ടം വരുത്തിയെന്നാണ് ജേക്കബ് തോമസിനെതിരായ കേസ്.