/indian-express-malayalam/media/media_files/uploads/2021/06/High-Court-of-Kerala-FI.jpg)
കൊച്ചി: ശബരിമലയിൽ ദർശനത്തിനുള്ള വെർച്വൽ ക്യൂ സംവിധാനത്തിന്റെ നടത്തിപ്പ് ദേവസ്വം ബോർഡിന് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. മുന്നു മാസത്തിനകം നിയന്ത്രണം ദേവസ്വം ബോർഡിന് കൈമാറണം. എന്നാൽ പൊലീസിന് വെർച്വൽ ക്യൂ സംവിധാനം പരിശോധിക്കാൻ അവസരമുണ്ടാവുമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ശബരിമലയിലെ സുരക്ഷയും തിരക്ക് നിയന്ത്രണവും ഉൾപ്പെടെയുള്ള ചുമതലകൾ തുടർന്നും പൊലീസിന്റെ നിയന്ത്രണത്തിലായിരിക്കും.
വെർച്വൽ ക്യൂവിൻ്റെ നടത്തിപ്പ് ദേവസ്വം ബോർഡിന് കൈമാറണമെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റീസുമായ അനിൽ നരേന്ദ്രനും പി.ജി.അജിത്കുമാറും അടങ്ങുന്ന ദേവസ്വം ബഞ്ചിന്റെ ഉത്തരവ്.
വെർച്വൽ ക്യൂവിൻ്റെ നടത്തിപ്പും തിരക്ക് നിയന്ത്രണവും പൊലിസ് വർഷങ്ങളായി ഫലപ്രദമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും സുരക്ഷകണക്കിലെടുത്ത് പൊലിസ് തന്നെ തുടരണമെന്നും ഇതുവരെ പരാതിയൊന്നും ഉണ്ടായിട്ടില്ലെന്നും ഡാറ്റാ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ ബോധിപ്പിച്ചെങ്കിലും കോടതി കണക്കിലെടുത്തില്ല.
വെർച്വൽ ക്യൂവിന്റെ നടത്തിപ്പിൽ പൊലിസിന്റെ സേവനം തൃപ്തികരമാണെന്നും തിരക്ക് നിയന്ത്രണം
പൊലിസിനേ കഴിയൂ എന്നും കോടതി നിർദേശിച്ചാൽ നടത്തിപ്പ് ഏറ്റെടുക്കാമെന്നും ദേവസ്വം ബോർഡും വ്യക്തമാക്കി. രജിസ്റ്റർ ചെയ്യുന്ന അയ്യപ്പ ഭക്തരുടെ സ്വകാര്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ഭക്തരുടെ വിവരങ്ങൾ സംരക്ഷിച്ചിട്ടുണ്ടെന്നും ടാറ്റാ കൺസൽട്ടൻസിയും വ്യക്തമാക്കി.
Also Read: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ തീയതിയിൽ മാറ്റം; ജൂൺ രണ്ട് മുതൽ മോഡൽ പരീക്ഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.