scorecardresearch

പ്രസവാവധി: ജീവനക്കാരിയെ പിരിച്ചുവിട്ടത് അതിക്രൂരമെന്ന് ഹൈക്കോടതി; തിരിച്ചെടുക്കാന്‍ ഉത്തരവ്

മാതൃത്വവും ജോലിയും ഒരുമിച്ചു കൊണ്ടുപോവുന്നതിന്റെ ബദ്ധപ്പാട് സ്ത്രീക്ക് മാത്രമേ അറിയൂവെന്ന് കോടതി അഭിപ്രായപ്പെട്ടു

Kerala High Court, actress attack case

കൊച്ചി: മാതൃത്വവും ജോലിയും ഒരുമിച്ചു കൊണ്ടുപോവുന്നതിന്റെ ബദ്ധപ്പാട് സ്ത്രീക്ക് മാത്രമേ അറിയൂവെന്ന് ഹൈക്കോടതി. ആദ്യമായി അമ്മയാവുന്ന സ്ത്രീയുടെ ജീവിതം ഒതുക്കല്‍ യന്ത്രത്തെ പോലെ കഠിനകരമാണന്നും അവള്‍ ജോലിക്കാരിയാണങ്കില്‍ ജീവിതം കുടുതല്‍ ദുസ്സഹമാവുമെന്നും കോടതി അഭിപ്രായപ്പെട്ടു.

തുടര്‍ പ്രസവാവധി നിഷേധിക്കപ്പെടുകയും അനധികൃത അവധിയിലാണന്നാരോപിച്ച് പിരിച്ചുവിടുകയും യുവതിയുടെ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരമാര്‍ശങ്ങള്‍.

അവധി നിഷേധിച്ചെന്നും പിരിച്ചുവിട്ടെന്നും ചൂണ്ടിക്കാട്ടി കൊല്ലം ശിശു സംരക്ഷണ ഓഫീസിലെ കൗണ്‍സലര്‍ വന്ദന ശ്രീമേധയാണ് കോടതിയെ സമീപിച്ചത്. യുവതിയെ ഉടന്‍ തിരിച്ചെടുക്കാനും അവധി അപേക്ഷ പരിഗണിക്കാനും കോടതി വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

2016 ല്‍ ദിവസവേതനത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ച യുവതി ഈ വര്‍ഷം ജനുവരി 17 വരെ ജോലി ചെയ്തു. കുഞ്ഞ് ജനിച്ചതിനെത്തുടര്‍ന്ന് മൂന്നു മാസത്തെ അവധി ലഭിച്ചു. തുടര്‍നിയമനം ലഭിച്ച യുവതി മൂന്നു മാസം കൂടി അവധിക്ക് അപേക്ഷിച്ചു. 51 ദിവസം പ്രായമായ കുഞ്ഞിനെ മുലയൂട്ടണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ടന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
അപേക്ഷ തള്ളിയ ഡയറക്ടര്‍ അനധികൃത അവധിയിലാണന്നാരോപിച്ച് പിരിച്ചുവിടുകയായിരുന്നു.

Also Read: സോളാർ കേസ്: ഗണേഷിനെതിരായ കേസിലെ തുടർ നടപടികൾ ഹൈക്കോടതി രണ്ട് മാസത്തേക്ക് തടഞ്ഞു

താല്‍ക്കാലിക ജീവനക്കാര്‍ക്കു ചട്ടപ്രകാരം കൂടുതല്‍ അവധിക്കാവകാശമില്ലന്നും അവധി അവകാശമായി ജീവനക്കാരന് ഉന്നയിക്കാനാവില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, അമ്മയുടെ സാന്നിധ്യവും കരുതലും കുഞ്ഞിന് ഒഴിവാക്കാനാവില്ലെന്നും അതുകൊണ്ടാണ് അമ്മമാര്‍ക്ക് പ്രസവ അവധി അനുവദിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹര്‍ജിക്കാരി വിവിധ ഘട്ടങ്ങളായി ഒന്നിലധികം വര്‍ഷം സര്‍വീസിലുണ്ടെന്നു നിരിക്ഷിച്ച കോടതി, സാഹചര്യങ്ങള്‍ വിലയിരുത്തി അവധി അനുവദിക്കേണ്ടതിനു പകരം പിരിച്ചുവിട്ട നടപടി അതിക്രൂരവും ഞെട്ടിപ്പിക്കുന്നതുമാണന്നു വിലയിരുത്തി.

ഒഴിവു നികത്തിയിട്ടില്ലെന്നും ഹര്‍ജിക്കാരിക്കു താല്‍പ്പര്യമുണ്ടങ്കില്‍ തുടരാമെന്നും അവധിക്കാല ശമ്പളം നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. അവധിയപേക്ഷ പരിഗണിക്കാനും യുവതിയെ കേട്ട് രണ്ടാഴ്ചക്കകം തീരുമാനമെടുക്കാനും കോടതി നിര്‍ദേശിച്ചു. മാര്‍ച്ച് 23നു ശേഷമുള്ള യുവതിയുടെ സര്‍വീസ് ക്രമപ്പെടുത്തുന്നത് പരിഗണിക്കാനും കോടതി നിര്‍ദേശം നല്‍കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Hc orders reinstatement of employee sack for availing long maternity leave