കൊച്ചി: കിഴക്കമ്പലം പഞ്ചായത്തിൽ ജനുവരി മൂന്നിന് നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ അംഗങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. അംഗങ്ങൾ ആവശ്യപ്പെട്ടാൽ പ്രത്യേകം സംരക്ഷണം നൽകണമെന്നും ജസ്റ്റിസ് സി.എസ് ഡയസ് നിർദേശിച്ചു. ജീവനു ഭീഷണിയുണ്ടെന്ന ട്വന്റി- 20 അംഗങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് ഹൈക്കോടതി നിർദേശം.

പഞ്ചായത്ത് ഭരണം നടത്തുന്ന ട്വന്റി -20യിലെ ഭിന്നതയെത്തുടർന്ന് സ്വന്തം പഞ്ചായത്ത് പ്രസിഡന്റിനെതിരെ സംഘടനയിലെ 14 അംഗങ്ങൾ അവിശ്വാസം പ്രമേയം അവതരിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം തേടി അംഗങ്ങൾ ഹർജി നൽകിയത്.

Read Also: ട്വൻറി-20യിൽ ഭിന്നത; അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ സംരക്ഷണം തേടി പഞ്ചായത്ത് അംഗങ്ങൾ ഹൈക്കോടതിയിൽ

പഞ്ചായത്ത് പ്രസിഡന്റ് കെവി ജേക്കബ് അടക്കുള്ള എട്ട് അംഗങ്ങൾക്കെതിരെയാണ് ഹർജി. തങ്ങളുടെ ജീവന് ഭീഷണിയുണ്ടന്നും അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ സംരക്ഷണം വേണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. പ്രശ്നസാധ്യത കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷനും കോടതിയെ സമീപിച്ചിരുന്നു.

വാർഷിക പദ്ധതി നിർവഹണം സമയബന്ധിതമായി നടപ്പാക്കുന്നതിലും ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപിക്കുന്നതിലും പഞ്ചായത്ത് പ്രസിഡന്റ് പരാജയപ്പെട്ടുവെന്നാരോപിച്ചാണ് അവിശ്വാസ പ്രമേയം. പഞ്ചായത്ത് പ്രസിഡന്റിന്റേയും കൂട്ടാളികളുടെയും ഭാഗത്തു നിന്ന് ഭീഷണിയുണ്ടെന്നും ചർച്ചയിൽ പങ്കെടുപ്പിക്കില്ലന്ന മുന്നറിയിപ്പുമായി നോട്ടീസ് വിതരണം ചെയ്തതായും ഹർജിയിൽ ആരോപിച്ചിരുന്നു.

19 അംഗ പഞ്ചായത്തിൽ 17 അംഗങ്ങളെ വിജയിപ്പിച്ച ട്വന്റി-20 മൃഗീയ ഭൂരിപക്ഷം നേടിയാണ് അധികാരത്തിൽ എത്തിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് എട്ട് മാസം ശേഷിക്കെയാണ് ഭരണസമിതിയിൽ ഭിന്നത ഉടലെടുത്തിരിക്കുന്നത്.

വസ്ത്ര നിർമാതാക്കളായ കിറ്റക്സ് കമ്പനി സ്പോൺസർ ചെയ്യുന്ന സംഘടനയാണ് ട്വന്റി-20. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അധികാരത്തിലേറിയ ഏക അരാഷ്ടീയ സംഘടനയാണ് ട്വന്റി-20 .

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.