കൊച്ചി: ശുചീകരണ ജോലിക്കിടെ വാട്ടർ അതോറ്ററിയുടെ മാൻഹോളിൽ പെട്ട് മരിച്ച തമിഴ്നാട് സ്വദേശികളുടെ കുടുബത്തിന് ബാക്കിയുള്ള നഷ്ടപരിഹാര തുക നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കൊച്ചി കോർപ്പറേഷൻ പരിധിയിലെ കാനൻഷെഡ് റോഡിൽ പൈപ്പ് ലൈൻ ശുചീകരണത്തിനിടെ 2014 ഏപ്രിൽ 13നാണ് മധുര സ്വദേശികളായ മാധവ്, രാജു എന്നിവർ മരിച്ചത്.
ഇത്തരം സംഭവങ്ങളിൽ ഇരകൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി നിർദേശം കണക്കിലെടുത്താണ് ചീഫ് ജസ്റ്റീസ് എസ്.മണികുമാർ, ഷാജി പി.ചാലി എന്നിവർ അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.
കുടുംബാംഗങ്ങളുടെ വിലാസം കണ്ടെത്തി അറിയിക്കാൻ എറണാകുളം ജില്ലാ സെക്രട്ടറിക്കും തദ്ദേശഭരണ സെക്രട്ടറിക്കും കോടതി നിർദേശം നൽകി. വാട്ടർ അതോറിറ്റി, കരാറുകാരൻ മുഖേന നാല് ലക്ഷം വീതം നേരത്തെ നഷ്ടപരിഹാരം നൽകിയിരുന്നു. ഹൈക്കോടതി അഭിഭാഷകൻ ബേസിൽ അട്ടിപ്പേറ്റിയാണ് ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് പൊതുതാൽപ്പര്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. കേസ് തീർപ്പാവുന്നതിന് മുൻപ് ഹർജിക്കാരൻ മരിച്ചെങ്കിലും വിഷയത്തിലെ പൊതുതാൽപര്യം കണക്കിലെടുത്ത് കേസ് തുടരാൻ കോടതി തീരുമാനിക്കുകയായിരുന്നു.
Read Also: ഹൈക്കോടതിയില്‍ നാടകീയ രംഗങ്ങള്‍; ഷെയിം ഷെയിം വിളിച്ച് അഭിഭാഷകര്‍
കേസ് തുടർന്ന് നടത്താൻ കോടതി ലീഗൽ സർവീസ് അതോറിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. ലീഗൽ സർവീസ് അതോറിറ്റി ചുമതലപ്പെടുത്തിയ അഭിഭാഷകനാണ് കേസ് തുടർന്നു നടത്തിയത്. ഹർജിക്കാരൻ മരിച്ചാലും സുപ്രീം കോടതി വിധിയുടെ വെളിച്ചത്തിൽ നഷ്ട പരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.