കൊച്ചി: മരടിലെ ഫ്ലാറ്റിന് 125 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹീര കൺസ്ട്രക്ഷൻസ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല. ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ തങ്ങളുടെ കെട്ടിടത്തിന് നാശനഷ്ടം ഉണ്ടാകാനിടയുണ്ടെന്ന ആശങ്കയുടെ അടിസ്ഥാനത്തിലായിരുന്നു ഹീര കൺസ്ട്രക്ഷൻസിന്റെ ഹർജി.

മൂന്നു മാസം സമയം ഉണ്ടായിട്ടും എന്തുകൊണ്ട് വൈകിയെന്ന് കോടതി വാക്കാൽ ആരാഞ്ഞു. അവസാന നിമിഷം കണക്കെടുപ്പിന് നിർദേശിക്കാനാവില്ലെന്നും കോടതി പരാമർശിച്ചു. ഫ്ലാറ്റുകൾക്ക് ചുറ്റുമുള്ള കെട്ടിടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ വിശദീകരിച്ചു. ഗോൾഡൻ കായലോരം ഫ്ലാറ്റിന്റെ ചുറ്റിലുമുള്ള കെട്ടിടങ്ങൾക്ക് 10 കോടിയും ആൽഫ വെഞ്ചേഴ്സിന്റെ പരിസരത്തുള്ള കെട്ടിടങ്ങൾക്കായി 50 കോടിയുടെ ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ വിശദീകരിച്ചു. നഷ്ടം കണക്കാക്കണമെന്നാവശ്യപ്പെട്ട് ഹീരയും പ്രദേശവാസികളും സമർപ്പിച്ച ഹർജികൾ ഫ്ലാറ്റുകൾ പൊളിച്ച ശേഷം പരിഗണിക്കാനായി കോടതി മാറ്റി.

Read Also: അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് ഫ്ലാറ്റുകൾ നിലംപതിക്കും; കനത്ത സുരക്ഷയൊരുക്കി പൊലീസ്

ജനുവരി 11 രാവിലെ മുതലാണ് ഫ്ലാറ്റുകള്‍ പൊളിക്കുക. ഫ്ളാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം അധികൃതർ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു. പതിനൊന്നിന് ഹോളി ഫെയ്‍ത്ത്, ആൽഫ സെറീൻ ടവേഴ്സ് എന്നിവയും പന്ത്രണ്ടിന് ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവയും പൊളിക്കും.

ആൽഫ, ഹോളി ഫെയ്ത് ഫ്ളാറ്റുകളുടെ സമീപത്തു നിന്ന് 133 കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നത്. ഗോൾഡൻ കായലോരം, ജെയിൻ കോറൽ കോവ് ഫ്ലാറ്റ് എന്നിവിടങ്ങളിൽ നിന്ന് 157 കുടുംബങ്ങളെയും ഒഴിപ്പിക്കും. സ്ഫോടന സമയത്ത് മാത്രം ഗതാഗത നിയന്ത്രണവും വൈദ്യുതി നിയന്ത്രണവും ഉണ്ടാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.