കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന് മോൺസണ് മാവുങ്കല്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയില്‍ പൊലീസ് മേധാവിയെ കക്ഷിചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മോൺസന്റെ മുന്‍ ഡ്രൈവര്‍ ഇടുക്കി സ്വദേശി ഇ.വി.അജിത് നല്കിയ പൊലീസ് പീഡന പരാതിയിലാണ് കോടതിയുടെ ഇടപെടൽ. മോൺസണെതിരായ ആരോപണങ്ങളിൽ അന്വേഷണം വേണ്ടതുണ്ടന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കലൂരില്‍ താമസിക്കുന്ന അജിത്തിനു സംരക്ഷണം ഉറപ്പാക്കാന്‍ കോടതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നിര്‍ദേശം നല്കി. കേസില്‍ തിങ്കളാഴ്ചക്കക്കം പൊലീസ് നിലപാട് അറിയിക്കണം.
മോൺസണ് അറസ്റ്റിലായ സാഹചര്യത്തില്‍ കേസിന്റെ ഗൗരവം വര്‍ധിച്ചതായി കോടതി നിരീക്ഷിച്ചു. മോൺസണെതിരായ പരാതിയില്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്തതെന്നും കഴിഞ്ഞ മാസം എട്ടിനു മൊഴി നല്‍കിയെന്നും അജിത് ഹര്‍ജിയില്‍ പറയുന്നു.
Also Read: കൈയിൽ നയാപൈസയില്ല; പാസ്പോർട്ടില്ല, ഇന്ത്യക്ക് പുറത്തേക്ക് സഞ്ചരിച്ചിട്ടില്ലെന്നും മോൺസന്റെ മൊഴി
താന്‍ മൊഴി നല്കിയ വിവരം അറിഞ്ഞ മോൺസണ് ചില ആളുകള്‍ വഴി ഭീഷണിപ്പെടുത്തിയെന്നും ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അജിത് കോടതിയില്‍ ബോധിപ്പിച്ചു.
മോൺസണ് ചേര്‍ത്തല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടന്നും സിഐയും എസ് ഐയും നോട്ടിസ് നല്‍കാതെ ഹാജരാവാന്‍ ആവശ്യപ്പെടുകയാണെന്നും അജിത്തിന്റെ ഹര്‍ജിയില്‍ പറയുന്നു.
ശ്രീവല്‍സം ഗ്രൂപ്പ് ഉടമ രാജേന്ദ്രന് പിള്ളയ്ക്കു മോൺസണ് ആറു കോടി രൂപ കൊടുക്കാനുണ്ടെന്ന പരാതിയിലാണ് പൊലീസ് അജിത്തിന്റെ മൊഴിയെടുത്തത്. മോൺസണ് ഭീഷണിപ്പെടുത്തിയതായി കാണിച്ച് അജിത് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതിയും നല്‍കിയിട്ടുണ്ട്.