scorecardresearch
Latest News

ഭൂമി കയ്യേറ്റങ്ങളില്‍ സര്‍ക്കാരിന് നിഷ്‌ക്രിയത്വം, സമുദായ സംഘടനകളുടെ ഭൂമിയിടപാടുകള്‍ അന്വേഷിക്കണം: ഹൈക്കോടതി

ചീഫ് സെക്രട്ടറി അധ്യക്ഷനായി വനം -റവന്യൂ സെക്രട്ടറിമാരെ ഉള്‍പ്പെടുന്ന സമിതി രൂപീകരിച്ച് അന്വേഷണം നടത്താനാണു കോടതി ഉത്തരവ്

ഭൂമി കയ്യേറ്റങ്ങളില്‍ സര്‍ക്കാരിന് നിഷ്‌ക്രിയത്വം, സമുദായ സംഘടനകളുടെ ഭൂമിയിടപാടുകള്‍ അന്വേഷിക്കണം: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ഭൂമി കയ്യേറ്റങ്ങളില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയത്വം പാലിക്കുന്നുവെന്ന് ഹൈക്കോടതി വിമര്‍ശം. സര്‍ക്കാര്‍ ഭൂമി കയ്യേറാന്‍ പോലും അനുകൂല സാഹചര്യമാണെന്നും കോടതി പറഞ്ഞു.

സമുദായ സംഘടനകളുടെ ഭൂമിയിടപാടുകള്‍ അന്വേഷിക്കണം. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിക്കണം. സമിതിയില്‍ വനം -റവന്യൂ സെക്രട്ടറിമാരെ ഉള്‍പ്പടുത്താനും കോടതി ഉത്തരവിട്ടു.

ഭൂമി കയ്യേറിയശേഷം പട്ടയമുണ്ടാക്കുന്നതാണ് കാണുന്നത്. ഇതു തടയാന്‍ നടപടി വേണം. സാമുദായിക സംഘടനകളും മറ്റും കയ്യേറിയ ഭൂമിക്കു പട്ടയം നേടുന്നതു വോട്ട് ബാങ്കിന്റെ ബലത്തിലാണ്.

കയ്യേറ്റങ്ങള്‍ക്കെതിരെ ശബ്ദമുയരാത്തതു ഭൂമാഫിയയ്ക്ക് അനുകൂല അന്തരീക്ഷമുണ്ടാക്കുന്നു. നിയമവിരുദ്ധ ഭൂമിയിടപാടുകളില്‍ വിജിലന്‍സ് അന്വേഷണം നടത്തി നടപടി സ്വീകരിക്കണം.

സമുദായ സംഘടനയുടെ ഭൂമി വില്‍പ്പന പലതും സംശയാസ്പദമാണന്നു കോടതി നിരീക്ഷിച്ചു. സിറോ മലബാര്‍ സഭയുടെ ഭൂമി വില്‍പ്പനക്കേസില്‍ വിചാരണ തുടരാമെന്ന് കോടതി വ്യക്തമാക്കി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജിയിയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ പരിഗണിച്ചത്.

സീറോ മലബാര്‍ സഭയുടെ 100 കോടിയുടെ ഭൂമി വില്‍പ്പനയില്‍ ക്രമക്കേട് ആരോപിച്ച് സഭാംഗങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ കാക്കനാട്, മരട്, എറണാകുളം കോടതികളിലെ വിചാരണ തടയണമെന്നും നേരിട്ട് ഹാജരാവുന്നതില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് കര്‍ദിനാള്‍ ആലഞ്ചേരി കോടതിയെ സമീപിച്ചത്. ഭൂമി വില്‍പ്പനയില്‍ ക്രമക്കേടില്ലന്നും ഇടപാട് സുതാര്യമാണെന്നുമാണ് ആലഞ്ചേരിയുടെ വാദം.

സിറോ മലബാർ സഭ വിറ്റ ഭൂമി സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി തന്നെയാണന്ന് റവന്യൂ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. വാഴക്കാല വില്ലേജിൽ ഉൾപ്പെട്ട ഭൂമിയിൽ സർക്കാർ ഭൂമിയോ, പുറമ്പോക്കാ ഇല്ലെന്നും സർക്കാർ കഴിഞ്ഞവർഷം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെട്ട വിവാദ ഭൂമി ഇടപാട് കേസിൽ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലാൻഡ് റിഫോംസ് അസിസ്റ്റൻറ് കമ്മിഷണർ ബീന പി ആനന്ദ് റിപ്പോർട് സമർപ്പിച്ചത്. കോടതി ഉത്തരവിനെത്തുടർന്ന് ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച് പരിശോധന നടത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Hc directs government to probe all land deals of communal entities