കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ കേസ് രജിസ്റ്റർ ചെയ്യാൻ സിബിഐക്ക് ഹൈക്കോടതിയുടെ നിർദേശം. കേസ് രേഖകൾ കൈമാറിയിട്ടും സിബിഐ കേസെടുക്കുന്നില്ലെന്ന് സർക്കാർ ആരോപിച്ചു. കേസന്വേഷണത്തിൽ വ്യക്തത തേടി സിബിഐ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സിബിഐ നിലപാടിനെതിരെ സർക്കാർ രംഗത്തുവന്നത്.

കേസ് സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കിയിട്ടും ഏജൻസി കേസെടുക്കുന്നില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഒന്നാം പ്രതി എസ്ഐ സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സർക്കാർ ഹർജി നൽകിയതിനെത്തുടർന്ന് സുപ്രീം കോടതി ജാമ്യം റദ്ദാക്കി. സാബുവിനെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ലന്നും തെളിവ് നശിപ്പിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ ഉടൻ കേസ് രജിസ്റ്റർ ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

ഫയലുകൾ സിബിഐക്ക് കൈമാറിയതിനാൽ പൊലീസിന് തുടർ നടപടി അസാധ്യമാണന്നും സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ സികെ സുരേഷ് കുമാർ ബോധിപ്പിച്ചു. കേസ് കോടതി ഒരു മാസം കഴിഞ്ഞ് പരിഗണിക്കും.

കസ്റ്റഡി മരണം വിവാദമായ സാഹചര്യത്തില്‍ ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷണവും പിന്നീട് ജുഡിഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചത് സംസ്ഥാന സര്‍ക്കാരാണ്. തുടര്‍ന്നാണ് സിബിഐ അന്വേഷണവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. രണ്ട് അന്വേഷണവും സമാന്തരമായി മുന്നോട്ടുപോകുമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

Read Also: കവിയൂർ കേസ്: സിബിഐയുടെ നാലാമത്തെ റിപ്പോർട്ടും തളളി, തുടരന്വേഷണം നടത്താൻ കോടതി ഉത്തരവ്

ജൂണ്‍ 21-നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്‍റിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാർ പീരുമേട് സബ്‍ ജയിലിൽ മരിച്ചത്. കസ്റ്റഡി മർദ്ദനത്തെത്തുടർന്നാണ് രാജ്‍കുമാർ മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണത്തെ ശരിവയ്ക്കുന്നതായിരുന്നു പിന്നീട് വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കേസില്‍ എസ്ഐ കെ എ സാബുവടക്കം നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.