കൊച്ചി: സോളാർ കമ്മീഷൻ റിപ്പോർട്ടിൽ കോടതിക്ക് ഇടപെടാനാവില്ലെന്ന് സർക്കാർ. റിപോർട് നിയമസഭയുടെ സ്വത്താണെന്നും നിയമസഭയുടെ അധികാരങ്ങളിൽ ഇടപെടാൻ കോടതിക്ക് കഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന് നിയമസഭ തീരുമാനിക്കുമെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

കമ്മീഷന്റെ നടപടി ക്രമങ്ങളിൽ പ്രശ്നങൾ ഉണ്ടെങ്കിൽ മാത്രമേ ഇടപെടാനാവുയെന്നും ഉള്ളടക്കത്തിൽ ആവില്ലെന്നും ഹൈകോടതിയിൽ സർക്കാർ വ്യക്​തമാക്കി. സോളാർ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് റദ്ദാക്കണമെന്നും തുടർ നടപടികൾ തടയണമെന്നും ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നൽകിയ ഹർജിയാണ് അവധി ദിവസമായിട്ടും ഹൈക്കോടതി പരിഗണിച്ചത്. സർക്കാരിന് വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാറാണ് ഹാജരായത്.

ഹർജിയിൽ ഉമ്മൻചാണ്ടിയുടെ വാദം നേരത്തെ പൂർത്തിയായിരുന്നു. കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ മാറ്റം വരുത്തിയത് സംബന്ധിച്ചാണ് സർക്കാരിന്റെ വാദം നടന്നത്. സർക്കാരിന്റെ വാദം പൂർത്തിയായ ശേഷം ഹൈക്കോടതി സരിതയുൾപ്പടെയുള്ള മറ്റ് കക്ഷികളുടെ വാദം കേൾക്കും

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ