scorecardresearch
Latest News

ചാർട്ടേഡ് വിമാനങ്ങൾക്കുള്ള കേന്ദ്ര മാർഗനിർദേശങ്ങൾ ഹാജരാക്കണം: ഹൈക്കോടതി

ചാർട്ടേഡ് വിമാനങ്ങൾക്ക് നിബന്ധന ഏർപ്പെടുത്തുന്നതിൽ സംസ്ഥാനത്തിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയെ വാക്കാൽ അറിയിച്ചു

High Court, ഹൈക്കോടതി, Kochi Corporation, കൊച്ചി കോർപ്പറേഷൻ, State Government, സംസ്ഥാന സർക്കാർ, iemalayalam, ഐഇ മലയാളം

കൊച്ചി: പ്രവാസികൾ മടങ്ങുന്ന ചാർട്ടേഡ് വിമാനങ്ങൾക്കുള്ള കേന്ദ്ര മാർഗനിർദേശങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനം കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചത്.

ചാർട്ടേഡ് വിമാനങ്ങൾക്ക് നിബന്ധന ഏർപ്പെടുത്തുന്നതിൽ സംസ്ഥാനത്തിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയെ വാക്കാൽ അറിയിച്ചു. കഴിഞ്ഞ ദിവസം കോടതി കേന്ദ്ര നിലപാട് തേടിയിരുന്നു. പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന നടപടി ചോദ്യം ചെയ്ത് പത്തനംതിട്ട സ്വദേശി റെജി താഴമൺ അടക്കം സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ബഞ്ചിന്റെ പരിഗണനയിലുള്ളത്. കേസിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു.

Read More: പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; രോഗവ്യാപനം തടയാനെന്ന് സർക്കാർ

ചാർട്ടേഡ് വിമാനങ്ങളിൽ കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് രോഗവ്യാപനം തടയാനെന്ന് സർക്കാർ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. രോഗമുള്ളവർക്കും ഇല്ലാത്തവർക്കും പ്രത്യേക വിമാനമെന്ന നിലപാട് ഇതിന്റെ ഭാഗമാണെന്നും സംസ്ഥാനത്തിന് ഇതിന് അധികാരമുണ്ടെന്നും ആരോഗ്യവകുപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കോവിഡ് ഇല്ലാത്തവർ മാത്രം എത്തിയാൽ മതിയെന്ന നിലപാട് സർക്കാരിനില്ല. കേന്ദ്ര മാർഗനിർദേശമനുസരിച്ച് ചാർട്ടേഡ് വിമാനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി നിർബന്ധമാണ്. യാഥാർത്ഥ്യങ്ങൾ വിലയിരുത്തി സംസ്ഥാനത്തിന് തീരുമാനമെടുക്കാനാണ് അനുമതി നിർബന്ധമാക്കിയിട്ടുള്ളത്. പൊതു ജനാരോഗ്യം കണക്കിലെടുത്ത് സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാം. രോഗമില്ലാത്തവരേയും രോഗമുള്ളവരേയും തരം തിരിക്കാനുള്ള തീരുമാനം കേന്ദ്ര മാർഗനിർദേശ പ്രകാരമാണെന്നും സർക്കാർ വിശദീകരിച്ചിരുന്നു.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തുന്ന നൂറു പ്രവാസികളിൽ 1.12 പേർക്ക് രോഗബാധ ഉണ്ട്. രോഗമുള്ളവരും രോഗമില്ലാത്തവരും ഇടകലർന്നാൽ വ്യാപന സാധ്യത വർധിക്കും. ലഘൂകരണ നടപടിയുടെ ഭാഗമായാണ് പ്രത്യേക വിമാന ആവശ്യമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

പ്രവാസികൾ പിസിആർ ടെസ്റ്റ് തന്നെ നടത്തണമന്ന് നിർബന്ധിക്കുന്നില്ല. ട്രൂനാറ്റ്, ആന്റി ബോഡി ടെസ്റ്റുകൾ ആയാലും മതി. വിമാനത്തിൽ കയറുന്നതിന് 48 മണിക്കൂർ മുൻപ് സർട്ടിഫിക്കറ്റ് വേണമെന്നാണ് ആവശ്യപ്പെടുന്നത്. 1500 രൂപ ചെലവുള്ള ട്രൂ നെറ്റ് ടെസ്റ്റിന്റെ ഫലം രണ്ട് മണിക്കൂറിനകം ലഭിക്കും. 600 രൂപ ചെലവുള്ള ആന്റിബോഡി ടെസ്റ്റിന്റെ ഫലം 20 മിനിറ്റിനകം ലഭിക്കും.

പ്രവാസികൾ യാത്രക്ക് മുൻപ് ആന്റി ബോഡി ടെസ്റ്റെങ്കിലും നടത്തിയിരിക്കണം. രോഗബാധയില്ലെന്ന് ഉറപ്പാക്കുന്നത് പൊതുജനാരോഗ്യം കണക്കിലെടുത്തുള്ള പൊതുനയമാണെന്നും ഭരണഘടന പ്രകാരം നിയന്ത്രണമേർപ്പെടുത്താൻ അധികാരമുണ്ടെന്നും സർക്കാർ വിശദീകരിച്ചിരുന്നു. കേന്ദ്ര മാർഗനിർദേശങ്ങളെ ഹർജിക്കാരൻ ചോദ്യം ചെയ്തിട്ടില്ലെന്നും അതില്ലാതെ സംസ്ഥാന നടപടിയെ എതിർക്കുന്നത് നിയമപരമല്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Hc asks to submit guidelines for charted flights