തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലിന്  സമീപത്ത് വച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്. തന്നെ ആത്മഹത്യ ചെയ്യാൻ ആരും പ്രേരിപ്പിച്ചതല്ലെന്നും സമൂഹത്തോട് വെറുപ്പാണെന്നും പറയുന്നതാണ് മൊഴി.

ശബരിമലയിലെ പൊലീസ് നടപടികളിൽ പ്രതിഷേധിച്ചാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് ഹർത്താലിനുളള കാരണമായി ബിജെപി പറഞ്ഞത്. എന്നാലിത് തളളുന്നതാണ് മൊഴി. ബിജെപിയുടെ വാദങ്ങൾ ശരിവച്ച് ഇന്നലെ വേണുഗോപാലൻ നായരുടെ സഹോദരനും രംഗത്ത് വന്നിരുന്നു.  ബിജെപി നേതാക്കള്‍ വീട്ടിലെത്തിയതിന് പിന്നാലെയാണ് സഹോദരന്‍ ശബരിമല സംഭവവികാസങ്ങളിൽ മനംനൊന്താണ് വേണുഗോപാലൻ നായർ ആത്മഹത്യ ചെയ്തതെന്ന് പറഞ്ഞത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറുടെ സാന്നിധ്യത്തിലായിരുന്നു വേണുഗോപാലൻ നായരുടെ മൊഴിയെടുത്തത്. ശബരിമല വിഷയമോ ബിജെപി സമരമോ മൊഴിയിൽ പരാമര്‍ശിച്ചില്ല. അതേസമയം, വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച്  ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിയിരുന്നു.

ഇന്നലെ പുലര്‍ച്ചെയാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. ബിജെപിയുടെ സമരപ്പന്തലിലേക്ക് ഓടിക്കയറിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.  ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം മുട്ടട സ്വദേശിയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ