scorecardresearch

Latest News

വിദ്വേഷ പ്രവർത്തി ചെയ്യുന്നത് ആരാണെങ്കിലും ശക്തമായ നടപടി; പി. സി. ജോര്‍ജിനെതിരെ മന്ത്രി രാജീവ്

തിര‌ഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍ ഭരണഘടനാപരമായും ജനാധിപത്യപരമായും തനിക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വ്യക്തമാക്കിയത്

P Rajeev, PC George
Photo: Facebook/ P Rajeev

കൊച്ചി: വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുന്‍ എംഎല്‍എ പി. സി. ജോര്‍ജിനെതിരെ മന്ത്രി പി. രാജീവ്. ജാമ്യം നൽകിയ ഹൈക്കോടതി വിധിയിൽ തന്നെ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം ഉണ്ട്. കോടതിയെ ധിക്കരിക്കുകയും മത നിരപേക്ഷതക്ക് എതിരെ നിൽക്കുകയും ചെയ്താൽ ശക്തമായ നടപടിയുണ്ടാകും, മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിര‌ഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍ ഭരണഘടനാപരമായും ജനാധിപത്യപരമായും തനിക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വ്യക്തമാക്കിയത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പരസ്യപ്രചരണം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ഥി എ. എന്‍. രാധാകൃഷ്ണനായി ജോര്‍ജ് സംസാരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ന് രാവിലെ 11 മണിക്ക് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ മുന്‍പാകെ ഹാജരാകണമെന്ന് കാണിച്ചാണ് ജോര്‍ജിന് നോട്ടീസ് നൽകിയിരിക്കുന്നത്. തൃക്കാക്കരയിൽ പ്രചാരണത്തിന് എത്തുമെന്നും തന്നെ ജയിലിലേക്ക് അയച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകുമെന്നും പി.സി. ജോർജ് പറഞ്ഞിരുന്നു. അതിനു പിന്നാലെയായിരുന്നു ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയത്.

തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ വ്യാഴാഴ്ച റിമാൻഡിലായ പി.സി ജോർജ് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം വൈകീട്ട് ഏഴോടെയാണു പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്.

പ്രായവും ആരോഗ്യനിലയും പരിഗണിച്ചാണ് ജോർജിനു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സമാനമായ കുറ്റം ആവർത്തിക്കരുത്, ശാസ്ത്രീയ പരിശോധനകളിൽ ഉൾപ്പെടെ അന്വേഷണവുമായി പൂർണമായി സഹകരിക്കണം, ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാവണം തുടങ്ങിയ ഉപാധികളോടെയാണു ജസ്റ്റിസ് പി ഗോപിനാഥൻ ജാമ്യം അനുവദിച്ചത്. ജാമ്യത്തിന് ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ജോർജ് കോടതിയെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഹാജരാവാതിരുന്നാൽ അത് ജാമ്യവ്യവസ്ഥയുടെ ലംഘനമാവും.

Also Read: വിദ്വേഷ പ്രസംഗം: ചോദ്യം ചെയ്യലിന് ഹാജരാകില്ല; പി. സി. ജോര്‍ജ് തൃക്കാക്കരയില്‍

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Hate speech will take necessary action says minister p rajeev on pc george