കൊച്ചി: താൻ ജയിലിലായതിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കളികളാണെന്ന് പി സി ജോർജ്. തനിക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിനു തൃക്കാക്കരയിൽ തന്നെ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
” തൃക്കാക്കര വച്ചാണ് മുഖ്യമന്ത്രി തനിക്കെതിരെ പറഞ്ഞത്. നാളെ കഴിഞ്ഞ് തൃക്കാക്കരയിൽ പോകും. മുഖ്യമന്ത്രിക്ക് അവിടെ വച്ച് മറുപടി നൽകും. നല്ല മറുപടി കയ്യിലുണ്ട്,” ജോർജ് പറഞ്ഞു. ജയിൽ മോചിതനായി ഈരാറ്റുപേട്ടയിലെ വീട്ടിലേക്കു മടങ്ങും മുൻപ് മാധ്യമങ്ങളോട് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ വ്യാഴാഴ്ച വറിമാൻഡിലായ പി സി ജോർജ് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ഇന്നു വൈകീട്ട് ഏഴോടെയാണു പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. അദ്ദേഹത്തെ ജില്ലാ പ്രസിഡന്റ് വി വി രാജേഷിന്റെ നേതൃത്വത്തിൽ ബി ജെ പി പ്രവർത്തകർ സ്വീകരിച്ചു.
കോടതിയോട് നന്ദിയുണ്ടെന്നും ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയിൽ നിയമ സംവിധാനത്തിന് വിലയുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ജോർജ് പറഞ്ഞു. കോടതി നിർദേശങ്ങൾ അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രായവും ആരോഗ്യനിലയും പരിഗണിച്ചാണ് ജോർജിനു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സമാനമായ കുറ്റം ആവർത്തിക്കരുത്, ശാസ്ത്രീയ പരിശോധനകളിൽ ഉൾപ്പെടെ അന്വേഷണവുമായി പൂർണമായി സഹകരിക്കണം, ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാവണം തുടങ്ങിയ ഉപാധികളോടെയാണു ജസ്റ്റിസ് പി ഗോപിനാഥൻ ജാമ്യം അനുവദിച്ചത്. ജാമ്യത്തിന് ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ജോർജ് കോടതിയെ അറിയിച്ചിരുന്നു.
വെണ്ണല കേസിൽ ജോർജിനു കോടതി മുൻകൂർ ജാമ്യവും അനുവദിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയടക്കം മൂന്ന് ഹര്‍ജികളാണ് ജോർജ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. തിരുവനന്തപുരം കേസില്‍ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നല്കിയ റിവിഷന്‍ ഹര്‍ജിയാണ് മറ്റൊന്ന്.
ജാമ്യം അനുവദിക്കരുതെന്നും ഇത്തരം കേസുകൾ സമൂഹത്തിനു വിപത്താണെന്നും ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. സമാന കുറ്റം ആവർത്തിക്കുമെന്ന ആശങ്കയുണ്ടെന്നും ജാമ്യം നൽകുകയാണെങ്കിൽ കർശന ഉപാധികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബ്ദ സാമ്പിൾ എടുക്കാനും ഗൂഢാലോചനയുണ്ടോയെന്നു പരിശോധിക്കാനും കസ്റ്റഡി ആവശ്യമുണ്ടെന്നും ഡിജിപി ബോധിപ്പിച്ചു.
വെണ്ണല കേസിൽ പാലാരിവട്ടം പൊലീസ് അനാവശ്യമായി ചോദ്യം ചെയ്യൽ നീട്ടിയെന്ന് ജോർജ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിച്ചിരുന്നു. തിരുവനന്തപുരം കേസിലെ ഉത്തരവ് കിട്ടാൻ വേണ്ടിയാണ് ചോദ്യം ചെയ്യൽ നീട്ടിയത്. തിരുവനന്തപുരം കോടതി പാലാരിവട്ടം കേസിലെ രേഖകൾ പരിശോധിച്ചാണ് ജാമ്യം റദ്ദാക്കിയതെന്നും അത് തെറ്റാണെന്നും ജോർജ് ചൂണ്ടിക്കാട്ടി.
Also Read: ലഹരി മരുന്ന് കേസില്‍ ആര്യന് ഖാന് ക്ലീന്‍ ചിറ്റ്
അറസ്റ്റ് ചെയ്തിട്ട് എന്താണ് ചെയ്യാനുള്ളതെന്നും കസ്റ്റഡിയിലെടുത്തതിന്റെ ഉദ്ദേശ്യമെന്താണന്നും കഴിഞ്ഞദിവസം ഹർജി പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങൾ കയ്യിലുള്ളപ്പോൾ കസ്റ്റഡി എന്തിനാണെന്നു മറുപടി നൽകാൻ കോടതി പ്രോസിക്യൂഷനോട് നിർദേശിച്ചിരുന്നു.
ഫോർട്ട് പൊലീസ് ബുധനാഴ്ച വൈകീട്ട് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്ത പി സി ജോർജിനെ രാത്രിയാണ് തിരുവനന്തപുരത്തെത്തിച്ചത്. ഇന്നലെ രാവിലെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ ജോർജിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം ജില്ലാ ജയിലിൽ എത്തിച്ച ജോർജിനെ പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റിയിരുന്നു.
അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗം സംബന്ധിച്ച കേസിൽ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയതാണ് അറസ്റ്റിനു വഴിവച്ചത്. ജോർജിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം അംഗീകരിച്ചാണ് റിമാൻഡ് ചെയ്തത്.
Also Read: പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി
എറണാകുളം വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ചു നടന്ന പരിപാടിയിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സിറ്റി എആർ ക്യാമ്പിലേക്കു മാറ്റിയിരുന്നു. തുടർന്നാണ് തിരുവനന്തപുരം കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. വെണ്ണല മൊഴി നൽകാനായി ജോർജ് പാലാരിവട്ടം സ്റ്റേഷനിലേക്കു വരുന്നതിനിടെയാണു തിരുവനന്തപുരത്തെ കേസിൽ ജോർജിന്റ ജാമ്യം കോടതി റദ്ദാക്കിയത്.
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന പ്രോസിക്യൂഷന് വാദം കണക്കിലെടുത്താണു ജോർജിന്റെ ജാമ്യം തിരുവനന്തപുരം കോടതി റദ്ദാക്കിയത്. ആവശ്യമെങ്കിൽ ജോർജിനെ അറസ്റ്റ് ചെയ്യാമെന്ന്, ജാമ്യം റദ്ദാക്കിക്കൊണ്ട് തിരുവനന്തപുരം കോടതി വ്യക്തമാക്കിയിരുന്നു.
കുറ്റം ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചുകൊണ്ടായിരുന്നു തിരുവനന്തപുരം കേസിൽ ജോർജിനു കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ പിന്നാലെ വെണ്ണലയിൽ ജോർജ് സമാനപ്രസംഗം നടത്തിയതോടെ, ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയുമായി പൊലീസ് തിരുവനന്തപുരം കോടതിയെ സമീപിക്കുകയായിരുന്നു. വെണ്ണല പ്രസംഗത്തിന്റ തെളിവായി പൊലീസ് സമർപ്പിച്ച സിഡി പരിശോധിച്ചശേഷമാണു കോടതി ഉത്തരവ്.
Also Read: അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതിയില്‍; സര്‍ക്കാര്‍ വിശദീകരണം നല്‍കും