കൊച്ചി: മതവിദ്വേഷ പ്രസംഗം നടത്തിയതിന് പി.സി ജോർജിനെതിരെ വീണ്ടും കേസ്. എറണാകുളം വെണ്ണല മഹാദേവ ക്ഷേത്രത്തിൽ ഞായറാഴ്ച നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് 153 എ, സാമൂഹത്തില്‍ ഭീതി വിതയ്ക്കും വിധം സംസാരിച്ചതിന് 295 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
നേരത്തെ അനന്തപുരി ഹിന്ദുസമ്മേളനത്തിൽ വിദ്വേഷ പരാമർശം നടത്തിയതിന് പിസി ജോർജിനെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങി ഒരാഴ്ചക്ക് ശേഷമാണ് പിസി ജോർജിനെതിരെ പൊലീസ് വീണ്ടും കേസെടുക്കുന്നത്. കേസിൽ ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ നാളെ മജിസ്ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ കേസ്.
കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ വന്ധ്യത വരുത്താനുള്ള മരുന്നുകൾ പാനീയങ്ങളിൽ കലർത്തുന്നു, അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്നു പ്രാവശ്യം തുപ്പുന്നു എന്നിങ്ങനെയുള്ള പരാമർശങ്ങളാണ് അനന്തപുരി മഹാസമ്മേളനത്തിൽ പിസി ജോർജ് നടത്തിയത്.
ജോര്‍ജിന്റെ വാക്കുകള്‍ വിവാദമായതോടെ യുവജനസംഘടനകളടക്കം പ്രതിഷേധം രേഖപ്പെടുത്തി. ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി അനില്‍കാന്തിനും പരാതി നല്കി. ഡിവൈഎഫ്ഐ പൊലീസില്‍ നേരിട്ടും പരാതി നല്‍കിയിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.
Also Read: പൊലീസ് ക്വാർട്ടേഴ്സിൽ അമ്മയും മക്കളും മരിച്ചനിലയിൽ