തിരുവനന്തപുരം: സിപിഎമ്മിന്റെ സ്ഥാപക നേതാവും ഇന്ത്യയുടെ പ്രഥമ പ്രതിപക്ഷ നേതാവുമായിരുന്ന എ.കെ.ഗോപാലനെതിരായ പരാമർശത്തിൽ വി.ടി.ബൽറാം എംഎൽഎയെ തള്ളി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എം.എം.ഹസ്സൻ. എകെജി എക്കാലത്തെയും മഹാനായ നേതാവാണെന്നും ഇത്തരമൊരു പരാമർശം ഒരിക്കലും നടത്താൻ പാടില്ലാത്തതായിരുന്നുവെന്നും ഹസ്സൻ പറഞ്ഞു.

“എല്ലാവരും ആദരിക്കുന്ന നേതാവാണ് എകെജി. അദ്ദേഹത്തെക്കുറിച്ച് ബൽറാം പറഞ്ഞ അഭിപ്രായമല്ല കോൺഗ്രസിന്റേത്. ഇത്തരം പരാമർശങ്ങൾ പാടില്ലെന്ന് ബൽറാമിനെ അറിയിച്ചിട്ടുണ്ട്”, ഹസ്സൻ പറഞ്ഞു.

ഹസ്സന് പിന്നാലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും ഉൾപ്പെടെയുളള കോൺഗ്രസ് നേതാക്കളും ബലറാമിൻെറ അഭിപ്രായത്തോട് വിയോജിപ്പ് രേഖപ്പെടുത്തി. കെ.മുരളീധരൻ ഷാനിമോൾ ഉസ്മാൻ എന്നിവരുൾപ്പടെയുളള  നേതാക്കൾ നേരത്തെ തന്നെ ഈ വിഷയത്തിൽ  വി.ടി.ബൽറാമിനെ തള്ളി രംഗത്ത് വന്നിരുന്നു.

ബലറാമിന്രെ പരാമർശം അപക്വമാണെന്നായിരുന്നു പി സി ജോർജ് എം എൽ എ മാധ്യമങ്ങളോട് പ്രതികരിച്ചത്.

കമ്മി നേതാവായ എകെജി ബാലപീഡനം നടത്തിയയാളാണെന്നാണ് സുശീല ഗോപാലനുമായുള്ള ബന്ധത്തെ പരാമർശിച്ച് വി.ടി.ബൽറാം പറഞ്ഞത്. ഫെയ്സ്ബുക്കിലെ ഗ്രൂപ്പിൽ നടന്ന ചർച്ചയിലായിരുന്നു ഈ പരാമർശം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ