കൊച്ചി: എറണാകുളം ജില്ലയിൽ മുസ്‌ലിം ഏകോപന സമിതി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ഹൈക്കോടതിയിലേക്കു മുസ്‌ലിം ഏകോപന സമിതി സംഘടിപ്പിച്ച മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറു മണിക്കാണ് ഹർത്താൽ ആരംഭിച്ചത്. എറണാകുളം നഗരത്തിൽ പ്രൈവറ്റ് ബസുകൾ ഓടുന്നില്ല. കെഎസ്ആർടിസി ബസുകൾ സാധാരണ നിലയിൽ സർവീസ് നടത്തുന്നുണ്ട്. ഓട്ടോ ടാക്സികളും, യൂബർ സർവീസുകളും മുടക്കമില്ലാത്ത തുടരുന്നതിനാൽ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നില്ല.

കടകന്പോളങ്ങളെല്ലാം അടഞ്ഞു തന്നെ കിടക്കുകയാണ്. ജിഎസ്ടി ബില്ലിനെതിരായ പ്രതിഷേധത്തിനന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തൊട്ടാകെ ഹോട്ടലുകൾ കടകളടച്ചു പ്രതിഷേധിക്കുന്നുണ്ട്. ഇതിന്റെ കൂടി ഭാഗമായിട്ടാണ് ഹോട്ടലുകളെല്ലാം അടച്ചിട്ടിരിക്കുന്നത്. നഗരത്തിലോ ജില്ലയിലെ മറ്റു ഭാഗങ്ങളിലോ ഇതു വരെ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അനിഷ്ഠ സംഭവങ്ങൾ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെ തുടർന്ന് പൊലീസ് കനത്ത ജാഗ്രതയിലാണ്.

കോട്ടയം സ്വദേശിയായ ഹാദിയയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കിയതിൽ പ്രതിഷേധിച്ചാണ് മുസ്‌ലിം ഏകോപന സമിതി ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയത്. പെൺകുട്ടിയെ അന്യായ തടങ്കലിൽ പാർപ്പിച്ചെന്നും മതംമാറ്റിയെന്നും ആരോപിക്കുന്ന ഹേബിയസ് ഹർജി നിലവിലിരിക്കെ പെൺകുട്ടി വിവാഹിതയായെന്നു പറയുന്നതു നിയമത്തിന്റെ ദൃഷ്ടിയിൽ നിലനിൽക്കില്ലെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്. കോടതി നിർദേശത്തെത്തുടർന്നു പെൺകുട്ടിയെ വൈക്കം പൊലീസ് കൊച്ചിയിൽനിന്നു ടിവിപുരത്തെ രക്ഷിതാക്കളുടെ വീട്ടിലെത്തിച്ചിരുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.