തിരുവനന്തപുരം: ജിഷ്‌ണു പ്രണോയിയുടെ കുടുംബത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ യുഡിഎഫ് ഹർത്താൽ. ഉപതിരഞ്ഞെടുപ്പായതിനാൽ മലപ്പുറം ജില്ലയെ ഹത്താലിൽനിന്നും ഒഴിവാക്കി. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. തിരുവനന്തപുരത്തും കോഴിക്കോടും ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കോഴിക്കോട് ആർഎംപിയും ഹർത്താൽ പ്രഖ്യാപിച്ചു.

ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഡിജിപി ഓഫിസിനു മുന്നിൽ ജിഷ്ണുവിന്റെ കുടുംബം സമരത്തിനെത്തിയത്. അച്ഛനും അമ്മയും അടക്കമുളള കുടുംബാംഗങ്ങളാണ് 10 മണിയോടെ എത്തിയത്. പൊലീസ് ആസ്ഥാനത്തിനു മുന്നിൽ സമരം അനുവദിക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. ഡിജിപി ഓഫിസിനു മുന്നിൽ സമരം ചെയ്യരുതെന്ന പൊലീസ് നിർദേശത്തെ അവഗണിച്ച കുടുംബാംഗങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചു. ഇതു സംഘർഷത്തിനിടയാക്കി. ഒടുവിൽ ജിഷ്ണുവിന്റെ മാതാപിതാക്കൾ ഉൾപ്പെടെയുളള കുടുംബാംഗങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. അലറിക്കരഞ്ഞുകൊണ്ട് നടുറോഡിൽ കിടന്നു പ്രതിഷേധിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് വലിച്ചിഴച്ചു കൊണ്ടുപോയി.

പൊലീസിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി നേതാവ് കുമ്മനം രാജശേഖരൻ തുടങ്ങിയ നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ