/indian-express-malayalam/media/media_files/uploads/2019/01/harthal-11.jpg)
കൊച്ചി: മിന്നൽ ഹർത്താലുകൾക്ക് കൂച്ച് വിലങ്ങിട്ട് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മുൻകൂർ നോട്ടീസ് നൽകാതെ ഇനിമുതൽ ഹർത്താൽ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജനങ്ങളുടെ മൗലികാവകാശത്തെ സമരങ്ങൾ ബാധിക്കരുത്. അതുകൊണ്ട് ഏഴ് ദിവസത്തെ മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താൽ നടത്താനാകില്ലെന്ന് ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വിധിച്ചു.
തൊഴിൽ സമരങ്ങൾക്കുള്ള ചട്ടങ്ങൾ ഹർത്താലിനും ബാധകമാണെന്നും കോടതി വ്യക്തമാക്കി. നാളെ ആരംഭിക്കുന്ന 48 മണിക്കൂർ ദേശീയ പണിമുടക്ക് ഹർത്താലാകില്ലെന്ന ഉറപ്പ് വരുത്തണമെന്നും കോടതി നിർദേശിച്ചു. ഹർത്താലിനെതിരെ കേരള ചേംബർ ഒഫ് കൊമേഴ്സും മലയാളവേദിയും നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി പരാമർശം.
ഹർത്താലിനെ തുടർന്നുണ്ടാകുന്ന നാശഷ്‌ടങ്ങൾക്ക് അത് ആഹ്വാനം ചെയ്യുന്ന രാഷ്‌ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും ഉത്തരവാദിത്വമുണ്ടെന്നും കോടതി വ്യക്തമാക്കി. അത്തരത്തിൽ ഹർത്താലിൽ ഉണ്ടാകുന്ന നാശനഷ്‌ടങ്ങൾക്ക് ഹർത്താൽ ആഹ്വാനം ചെയ്ത സംഘടനകളിൽ നിന്നും പണം ഈടാക്കുമെന്നും കോടതി അറിയിച്ചു.
ഹർത്താൽ നിയന്ത്രിക്കുന്നതിന് സർക്കാർ നിയമ നിർമ്മാണം നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ഹർത്താൽ സംബന്ധിച്ച് കേസുകൾ തീർപ്പാക്കുന്നത് വരെയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.നാളത്തെ ഹർത്താലിനെ നേരിടാൻ എന്തൊക്കെ നടപടികളെടുത്തിട്ടുണ്ടെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. പണിമുടക്കിൽ തുറക്കുന്ന കടകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഹർത്താലിനെ നേരിടാൻ സമഗ്രപദ്ധതി തയ്യാറാക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us