ഇടുക്കി: അരിക്കൊമ്പനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയിലെ പഞ്ചായത്തുകളില്‍ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂർണം. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ ഒമ്പത് പഞ്ചായത്തുകളിലാണ് സംയുക്ത ജനകീയസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരുന്നു ഹര്‍ത്താല്‍. ചിന്നക്കനാല്‍, ഇടമലക്കുടി, ശാന്തന്‍പാറ, രാജകുമാരി, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ദേവികുളം, മൂന്നാര്‍ പഞ്ചായത്തുകളിലായിരുന്നു ഹർത്താൽ. സിപിഎമ്മും കോണ്‍ഗ്രസും ഹര്‍ത്താലിന് പിന്തുണ അറിയിച്ചിരുന്നു.
ഇന്നലെ 13 പഞ്ചായത്തുകളില്‍ ഹര്‍ത്താന്‍ ആഹ്വാനം ചെയ്തിരുന്നുവെങ്കിലും മൂന്ന് പഞ്ചായത്തുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. കാട്ടാന ശല്യം നേരിട്ട് ബാധിക്കാത്ത പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്.

ഹര്‍ത്താലില്‍ ചിന്നക്കനാല്‍ പവര്‍ ഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുളള പ്രതിഷേധ പരിപാടികള്‍ നടന്നു. മദപ്പാടുള്ളതിനാല്‍ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടര്‍ന്നാല്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാനുമാണ് ഇന്നലെ കോടതി നിര്‍ദേശം നല്‍കിയത്.
അതേസമയം, വിഷയം പഠിക്കാന്‍ ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ സമിതിയുടെ നടപടികള്‍ ഇന്ന് തുടങ്ങും. വിദഗ്ധ സമിതിയില്‍ മുഖ്യവനപാലകന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍,രണ്ട് വിദഗ്ധര്‍,അമിക്കസ് ക്യൂറി എന്നിവരാണുള്ളത്. കമ്മിറ്റി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. ദൗത്യസംഘം നാല് ദിവസം കൂടി മേഖലയില്‍ തുടരാനും കോടതി നിര്‍ദേശം നല്‍കി. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വനം വകുപ്പിന്റേതടക്കമുള്ള അരിക്കൊമ്പനുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനാണ് അമിക്കസ് ക്യൂറിയോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.