താനൂര്‍: മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശ മേഖലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. വള്ളിക്കുന്ന് മുതല്‍ പൊന്നാനി വരെ ആറ് നിയോജക മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ട്.

ഇന്നലെ രാത്രിയാണ് താനൂര്‍ അഞ്ചുടിയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചത്. കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ലീഗ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്. യൂത്ത് ലീഗ് അഞ്ചുടി ശാഖാ മുന്‍ വൈസ് പ്രസിഡന്റ് ഇസ്ഹാഖ് എന്ന റഫീഖ് (35) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം.

Read Also: പാര്‍ട്ടി പറഞ്ഞാല്‍ രാജിവയ്ക്കുമെന്ന് സൗമിനി ജെയിന്‍; എറണാകുളത്ത് പൊട്ടിത്തെറി

ഇസ്ഹാഖ് വീടിനടുത്തുള്ള പള്ളിയിലേക്ക് പോകുംവഴിയാണ് അക്രമമുണ്ടായത്. ഈ സമയം വൈദ്യുതിയുണ്ടായിരുന്നില്ല. ഇരുട്ടില്‍ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റനിലയില്‍ ഇസ്ഹാഖിനെ കണ്ടത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. ഇരു കൈകാലുകള്‍ക്കും ഗുരുതരമായി വെട്ടേറ്റിരുന്നു. ഇയാളെ തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.

സിപിഎം-ലീഗ് സംഘര്‍ഷമുണ്ടായിരുന്ന സ്ഥലമാണ് അഞ്ചുടി. നേരത്തേ സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നു സംശയിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.