തിരുവനന്തപുരം: ശബരിമല കർമ്മ സമിതി ജനുവരി ഏഴിന് സംസ്ഥാനത്ത് നടത്തിയ ഹർത്താലിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഗവർണർക്ക് മുഖ്യമന്ത്രി റിപ്പോർട്ട് നൽകി. സംസ്ഥാന വ്യാപകമായി ഹർത്താൽ ദിനത്തിൽ നടന്ന അക്രമങ്ങൾ സംബന്ധിച്ച് ഗവർണർ വിശദീകരണം തേടിയിരുന്നു.

രാജ്ഭവനില്‍ ഗവര്‍ണര്‍ പി സദാശിവത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ചും ഹര്‍ത്താലിനോട് അനുബന്ധിച്ച് നടന്ന അക്രമങ്ങളെ കുറിച്ചും ഇതിൽ സ്വീകരിച്ച നടപടികളെ കുറിച്ചും മുഖ്യമന്ത്രി ഗവർണറോട് വിശദീകരിച്ചു.

ഹര്‍ത്താൽ ദിനത്തിൽ സംസ്ഥാനത്ത് അക്രമം നടന്ന പശ്ചാത്തലത്തിൽ  ഗവര്‍ണര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിരുന്നു.

രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ പിണറായിയുടെ പോലീസ് നിരപരാധികളെയാണ് അറസ്റ്റ് ചെയ്ത് തടങ്കലിൽ പാർപ്പിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള  ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി ഗവർണർക്ക് കത്ത് നൽകിയിരുന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദിനും സംസ്ഥാനത്തെ സ്ഥിതിഗതികൾ വിശദീകരിച്ച് ബിജെപി നിവേദനം നൽകിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ