കൊച്ചി: ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനിയുടെ ഭൂമി സർക്കാർ ഏറ്റെടുക്കുന്നത് ഹൈക്കോടതി റദ്ദാക്കി. ഹാരിസൺ മലയാളം കമ്പനിയുടെ നാൽപതിനായിരത്തോളം ഏക്കർ ഭൂമി ഭൂസംരക്ഷണ നിയമപ്രകാരം ഏറ്റെടുത്ത സ്‌പെഷൽ ഓഫിസർ എം.ജി.രാജമാണിക്യത്തിന്റെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ഹാരിസൺ കമ്പനി നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

സര്‍ക്കാര്‍ റോബിന്‍ ഹുഡായി മാറരുതെന്നതടക്കമുള കടുത്ത വിമര്‍ശനവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. വൻകിട കമ്പനികളുടെ നിലനിൽപ് സംസ്ഥാനത്തിന് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. ഹാരിസണിന്റെ കൈവശമുളള നാൽപതിനായിരത്തോളം ഏക്കർ ഭൂമി ഏറ്റെടുക്കണമെന്നായിരുന്നു രാജമാണിക്യം സർക്കാരിന് റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനുളള നടപടികളും തുടങ്ങിയിരുന്നു. ഈ റിപ്പോർട്ടും ഇതിന്മേലുളള നടപടികളുമാണ് ഹൈക്കോടതി റദ്ദാക്കിയത്.

വ്യാജരേഖ ചമച്ചാണ് ഹാരിസൺ മലയാളം അധികൃതർ ഭൂമി കൈവശപ്പെടുത്തിയതെന്നായിരുന്നു സർക്കാരിന്റെ വാദം. ഇവ തിരിച്ചുപിടിക്കാനാണ് എം.ജി.രാജമാണിക്യത്തെ സ്‌പെഷൽ ഓഫിസറായി നിയമിച്ചത്. വിവിധ ജില്ലകളിലായി ഹാരിസൺ കന്പനിക്കുളള ഭൂമി തിരിച്ചുപിടിക്കുന്നതിനുളള നടപടികളും രാജമാണിക്യം സ്വീകരിച്ചു. തുടർന്ന് ഹാരിസൺ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. സ്‌പെഷൽ ഓഫിസറുടെ നിയമനവും നടപടികളും നിയമവിരുദ്ധമാണെന്നായിരുന്നു ഹാരിസൺ കമ്പനി ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം, കേസില്‍ കക്ഷി ചേരാനുള്ള ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍റേയും കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍റേയും ഹര്‍ജികൾ ഹൈക്കോടതി തള്ളി. ഹാരിസൺ ഭൂമിയുമായി ബന്ധപ്പെട്ട കേസുകൾ സിബിഐ അന്വേഷിക്കണം, അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി പിടിച്ചെടുക്കാൻ സർക്കാർ നിർദേശിക്കണം എന്നീ ആവശ്യങ്ങളാണ് സുധീരനും കുമ്മനവും ഹർജിയിൽ ഉന്നയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ