ഒരു നൂറ്റാണ്ടിലധികമായി കേരളത്തില്‍ പ്ലാന്റേഷന്‍ രംഗത്തു സജീവമായ ഹാരിസണ്‍ മലയാളം കമ്പനി കേരളത്തില്‍ കൈവശംവയ്ക്കുന്നത് 75000-ത്തിലധികം ഏക്കര്‍ ഭൂമിയാണ്. എന്നാല്‍ ഹാരിസണ്‍ മലയാളം കമ്പനി ഭൂമി കൈവശംവയ്ക്കുന്നത് വ്യാജ രേഖകളുടെ പിന്‍ബലത്തിലാണെന്നു സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വിവിധ അന്വേഷണറിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹാരിസണ്‍ മലയാളവുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ ഹൈക്കോടതിയുടെ  പരിഗണനയിലാണ്​.  ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയുമായി ബന്ധപ്പെട്ട് നിര്‍ണായക ഇടപെടലുകള്‍ നടത്തിയതും കേസ് സംസ്ഥാനത്തിന് അനുകൂലമാക്കിയതും റവന്യു വകുപ്പിന്റെ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായിരുന്ന സുശീല ആര്‍ ഭട്ടിന്റെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്തു നിന്നു സുശീല ഭട്ട് മാറ്റപ്പെട്ടു . സുശീലാ ഭട്ട് മാറിയശേഷം ഹാരിസണ്‍ കേസില്‍ തുടര്‍വാദങ്ങളൊന്നുമുണ്ടായിട്ടില്ല. ഹാരിസണ്‍ കേസിനെ കുറിച്ചും കേരളത്തിലെ ഭൂ പ്രശ്നത്തെ കുറിച്ചും സുശീലഭട്ട് സംസാരിക്കുന്നു. ജയിക്കാനുള്ള എല്ലാ സാധ്യതകളുമുളള കേസ് പരാജയപ്പെട്ടാല്‍  സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച മാത്രമായിരിക്കും കാരണമെന്നും സുശീലാ ആര്‍ ഭട്ട് തുറന്നു പറയുന്നു.

ഹാരിസണ്‍ ഭൂമി കേസിൽ നിലവിലെ സ്ഥിതിയെന്താണ് ?

= ഹാരിസണ്‍ മലയാളവുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.  ഭൂമി ഏറ്റെടുക്കാന്‍  സ്‌പെഷ്യൽ ഓഫീസർ എന്ന നിലയിൽ എം.ജി രാജമാണിക്യത്തിന് അധികാരം ഉണ്ടോ ഇല്ലയോ എന്നതു സംബന്ധിച്ചായിരിക്കും ഇനി കോടതിയില്‍ വാദമുണ്ടാവുക. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ താല്‍പര്യം വളരെ നിര്‍ണായകമായിരിക്കും. ഡിവിഷന്‍ ബെഞ്ചിന്റെ വിധി അനുസരിച്ചായിരിക്കും ഇതുവരെ സ്വീകരിച്ച നടപടികളുടെ ഭാവി.
വിധി ഞങ്ങളുടെ വാദത്തിന് അനുകലമാണെങ്കിൽ കേരളത്തിലെ ഭൂ പ്രശ്നം സംബന്ധിച്ച് മാഗ്നാകാർട്ട ആയിരിക്കും. തിരിച്ചാണെങ്കിൽ 60 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഭൂമിയുടെ ഉടമസ്ഥയുടെ  സ്ഥിതി തുടരും. കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി വാദിക്കാന്‍ സുപ്രീം കോടതി അഭിഭാഷകരുടെയും ഹൈക്കോടതിയിലെ സീനീയര്‍ അഭിഭാഷകരുടെയും ഒരു നീണ്ട നിര ഈ കേസില്‍ ഹാജരാകുന്നുണ്ട്. ഇവരുടെ വാദങ്ങള്‍ക്കെതിരേ തടയിടാന്‍ തക്കവിധത്തിലുള്ള വാദങ്ങളും മറുവാദങ്ങളും സര്‍ക്കാര്‍ അഭിഭാഷകന്റെ ഭാഗത്തു നിന്ന് ഉണ്ടായാല്‍ മാത്രമേ സർക്കാർ കേസ് ജയിക്കുകയുള്ളൂ.

ഭരണമാറ്റം ഭൂമിയേറ്റെടുക്കൽ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ?

= കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. രാജമാണിക്യം റിപ്പോര്‍ട്ടു പ്രകാരം ഭൂമി സ്ഥലപരിശോധന പൂര്‍ത്തിയാക്കിയ 29000 ഏക്കര്‍ ഹാരിസണിന്റെ ഭൂമി ഏറ്റെടുക്കുന്നതായി കാട്ടി റിപ്പോര്‍ട്ടു നല്‍കിയത് 2015-ലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ ഇംഗ്ലീഷ് കമ്പനികള്‍ കൈവശംവച്ചിരിക്കുന്ന അഞ്ചു ലക്ഷത്തോളം ഏക്കര്‍ റവന്യൂ ഭൂമി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോട്ടുപോയിരുന്നു. സ്പെഷ്യല്‍ ഓഫീസറായ  രാജമാണിക്യത്തിന്റെ നേൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടത്തുകയും വിവിധ ജില്ലാ കളക്ടര്‍മാരില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ മാറുകയും സര്‍ക്കാരിന്റെ നയങ്ങള്‍ തന്നെ മാറി മറിയുകയും ചെയ്തു. സര്‍ക്കാര്‍ ഭൂമി കൈവശംവച്ചിരുന്ന വിവിധ കമ്പനികള്‍ക്ക് രാജമാണിക്യം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ടി ആര്‍ ആന്‍ഡ് ടി ഉള്‍പ്പടെയുള്ള കേസുകളിലെ സ്റ്റേ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഈ സ്റ്റേ മാറ്റാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടിയിരുന്നു. സ്റ്റേ തുടരുന്നതു കമ്പനികള്‍ക്കു ഗുണകരമായി മാറും. വളരെ പെട്ടെന്നു സ്റ്റേ നീക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതാണ്. ഇതുസംബന്ധിച്ചു സത്യവാങ്ങ്മൂലവും സ്റ്റേ നീക്കാനുള്ള ഹര്‍ജികളും സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടാകണം.

ഹാരിസണ്‍ മലയാളം കമ്പനി കൈവശംവയ്ക്കുന്ന ഭൂമി സംസ്ഥാനത്തിന് അവകാശപ്പെട്ടതാണെന്നു ആവര്‍ത്തിച്ചു പറയുന്നതിനു കാരണമെന്താണ്?

= അതിനു ഞാന്‍ പറയുന്ന പ്രത്യേക കാരണം കേരളത്തില്‍ ഭൂപരിഷ്‌കരണം നടപ്പിലാക്കിയത് വന്‍തോതില്‍ ഭൂമി കൈവശംവച്ചിരുന്നവരില്‍ നിന്നു പിടിച്ചെടുത്തു പാവപ്പെട്ട കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും നല്‍കാന്‍ ലക്ഷ്യമിട്ടായിരുന്നു. 1960 കാലഘട്ടങ്ങളിലാണ് ഇത്രയും വിപ്ലവകരമായ ഈ നിയമം കൊണ്ടുവന്നത്. എന്നാല്‍ ഈ നിയമത്തിന്റെ പ്രയോജനം എത്രത്തോളം പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കു ലഭിച്ചുവെന്നതിനെക്കുറിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാലറിയാം പകുതി കേരളം ഇപ്പോഴും വിദേശികളുടെ കൈവശം തന്നെയാണ്.

ഈ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി കോര്‍പ്പറേറ്റുകളായ വിദേശ കമ്പനികള്‍ ഇപ്പോഴും നമ്മുടെ മണ്ണില്‍ ഇപ്പോഴും വിരാജിക്കുകയാണ്. 1947-ല്‍ നമുക്കു സ്വാതന്ത്ര്യം ലഭിച്ചുവെന്നും വിദേശികള്‍ ഒഴിഞ്ഞുവെന്നും നാം എപ്പോഴും വീമ്പു പറയുന്നുണ്ടെങ്കിലും കേരളത്തിന്റെ പകുതിയും ഇപ്പോഴും വിദേശികളുടെ നിയന്ത്രണത്തില്‍ ആണെന്നുള്ളത് പലര്‍ക്കും അറിയില്ല. കേരളത്തില്‍ മാത്രം അഞ്ചുലക്ഷം ഏക്കര്‍ ഭൂമിയാണ് വിദേശ കമ്പനികളും അവരുടെ ഏജന്റുകളും വ്യാജരേഖകളുടെ പിന്‍ബലത്തില്‍ കൈവശംവയ്ക്കുന്നത്. ഇത്തരത്തില്‍ വിദേശ കമ്പനികള്‍ ഭൂമി കൈവശംവയ്ക്കുന്നത് നമ്മുടെ ഭരണഘടനയോടുള്ള അവഹേളനം കൂടിയാണ്. വിദേശ കമ്പനികളെല്ലാം കൈവശംവയ്ക്കുന്ന ഭൂമി ഭരണഘടനാപരമായിത്തന്നെ നമുക്ക് അവകാശപ്പെട്ടതാണ്. ഇത്തരം ഭൂമികള്‍ ഏറ്റെടുക്കാന്‍ വേറേ നിയമനിര്‍മാണത്തിന്റെ ആവശ്യമില്ല. കാരണം വിദേശികള്‍ക്ക് ഇന്ത്യയില്‍ ഭൂമി കൈവശംവയ്ക്കാന്‍ അനുവാദമില്ല. അതുകൊണ്ടുതന്നെയാണ് ഹാരിസണ്‍ ഭൂമി കേരളത്തിന് അവകാശപ്പെട്ടതാണെന്നു ഞാന്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത്. ഇന്നും ഇവിടത്തെ കൈയേറ്റക്കാര്‍ വിദേശികളുടെ പേരിലാണ് പ്രോപ്പര്‍ട്ടി ടാക്സ് (വസ്തു നികുതി) അടയ്ക്കുന്നത്.

കേരളത്തില്‍ ഇപ്പോഴും നാല്‍പ്പതു ശതമാനത്തോളം ആളുകള്‍ ഭൂരഹിതരാണല്ലോ?

= ഭൂപരിഷ്‌കരണവും ഇതുമായി ബന്ധപ്പെട്ട വിപ്ലവങ്ങളുമെല്ലാം വന്‍കിടക്കാരെ സഹായിക്കുന്ന രീതിയിലുള്ളതായിരുന്നു. ഭൂപരിഷ്‌കരണ നിയമത്തിന്റെ ഗുണങ്ങളൊന്നും തന്നെ പാവപ്പെട്ട ജനങ്ങള്‍ക്കു ലഭിക്കാതിരുന്നതിനാലാണ് ഇപ്പോഴും ഇത്രയധികം ആളുകള്‍ നമ്മുടെ നാട്ടില്‍ ഭൂരഹിതരായി കഴിയേണ്ടി വരുന്നത്. വന്‍കിട കമ്പനികള്‍ വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി കൈവശംവയ്ക്കുന്ന കേരളത്തിലാണ് വീടിന്റെ അടുക്കള പൊളിച്ചുപോലും മൃതദേഹ സംസ്‌കാരം നടത്തേണ്ടിവരുന്നത്. ഇതു വല്ലാത്തൊരു വിരോധാഭാസം തന്നെയാണ്.

ഹാരിസണ്‍ കേസുമായി ബന്ധപ്പെട്ടു യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹകരണം എത്രത്തോളമായിരുന്നു?

= കൃത്യമായി പറഞ്ഞാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റവന്യൂ മന്ത്രിയായിരുന്ന കാലത്താണ് പ്രത്യേക ഉത്തരവിലൂടെ എന്നെ ഹാരിസണ്‍ മലയാളവുമായി ബന്ധപ്പെട്ട കേസുകള്‍ വാദിക്കാന്‍ നിയമിച്ചത്. പിന്നീട് അടൂര്‍ പ്രകാശ് റവന്യൂ മന്ത്രിയായപ്പോഴാണ് ഹാരിസണ്‍ മലയാളവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍കൂടി പ്രത്യേക ഉത്തരവിലൂടെ എന്നെ ഏല്‍പ്പിച്ചത്. ഈ ഉത്തരവുകളുടെ ബലത്തില്‍ എനിക്കു സ്വതന്ത്രമായി അഞ്ചുവര്‍ഷക്കാലത്തോളം കേസുകള്‍ ഇത്രയും വരെ എത്തിക്കാനായി.

ഹാരിസണ്‍ കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എന്തെങ്കിലും ഇടപെടലുകളുണ്ടായിരുന്നോ?

= ഒത്തിരി വെല്ലുവിളികള്‍ എനിക്കു നേരിടേണ്ടി വന്നു. എന്നാല്‍ എന്റെ കേസുകളുടെ നടത്തിപ്പിന്റെ രീതി മനസിലാക്കിയതുകൊണ്ടായിരിക്കും ഇടപെടലുകള്‍ കുറവായിരുന്നു. കേസുകൾ ഈ​ നിലയ്ക്ക് എത്തിക്കാൻ എനിക്ക് ഒത്തിരി കഷ്ടതകളുണ്ടായി, ഭഗീരഥ പ്രയത്നം വേണ്ടി വന്നു. വളരെ പ്രയാസപ്പെട്ടാണ് കേസുകള്‍ ഇവിടം വരെ എത്തിച്ചത്. എന്റെ കൂടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരുടെ പിൻബലവും എനിക്കു ശക്തമായ പിന്തുണയുമായി മാധ്യമങ്ങളും കൂടെയുണ്ടായിരുന്നതിനാല്‍ ഇടപെടലുകളൊന്നും വിലപ്പോയില്ല. ഒരു ഘട്ടത്തില്‍ ഹാരിസണ്‍ കേസ് ഫയലുകള്‍ തിരിച്ചേല്‍പ്പിക്കണമെന്ന തരത്തില്‍ ചില സമ്മര്‍ദങ്ങളുണ്ടായി. എന്നാല്‍ മന്ത്രിമാര്‍ തന്നെ ഇടപെട്ട് ഈ സാഹചര്യം ഒഴിവാക്കുകയായിരുന്നു.

ഹാരിസണ്‍ മലയാളം കേസുമായി ബന്ധപ്പെട്ട് ഏറ്റവും ആധികാരികമായത് എം.ജി. രാജമാണിക്യം റിപ്പോര്‍ട്ടല്ലേ. ഇത് എത്രത്തോളം സമഗ്രമാണ്?

= കേരളത്തിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് തയാറാക്കിയ ഏറ്റവും സമഗ്രമായ റിപ്പോര്‍ട്ടാണ് എഴുന്നൂറിലധികം പേജുകളുള്ള ഹാരിസണ്‍ മലയാളം ഭൂമി റിപ്പോര്‍ട്ട്. അത്രത്തോളം രേഖകള്‍ പരിശോധിച്ചും പഠനം നടത്തിയുമാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഇതുപോലെ മറ്റൊരു റിപ്പോര്‍ട്ട് കേരളത്തില്‍ ഇതുവരെ തയാറാക്കിയിട്ടില്ലെന്നു തന്നെ പറയാം. ഈ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ നിഷേധിക്കാനോ തെറ്റാണെന്നു തെളിയിക്കാനോ ആര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല. ഇതില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നു പറയാനുള്ള വൈദഗ്ധ്യം ആര്‍ക്കെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. ഈ റിപ്പോര്‍ട്ടു തയാറാക്കുന്നതുമായി ബന്ധപ്പെട്ട് രാജമാണിക്യത്തിന് ഹൈക്കോടതിയില്‍ നിന്നുള്ള നിയമപരമായ സഹകരണം ഉടനീളം ഉണ്ടായിരുന്നു. റിപ്പോര്‍ട്ട് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് രാജമാണിക്യത്തിനും ഏറെ വെല്ലുവിളികള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഹൈക്കോടതിയില്‍ നിലവിലുള്ള കേസിന്റെ മുന്നോട്ടുപോക്കിനും ഈ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഏറെ ഗുണകരമായിട്ടുണ്ട്. ആ റിപ്പോര്‍ട്ടു പ്രകാരം മുന്നോട്ടുപോയാല്‍ അനധികൃതമായി കൈവശം വച്ചിട്ടുളള എല്ലാ ഭൂമിയും ഏറ്റെടുക്കാനാവുന്ന തരത്തിലുള്ള കാര്യങ്ങളാണ് ആ റിപ്പോര്‍ട്ടിലുള്ളത്.

ഹാരിസണ്‍ കേസില്‍ എത്രത്തോളം മുന്നേറ്റമുണ്ടാക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞിട്ടുണ്ട്?

= 2011-ലാണ് ഞാന്‍ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി ഹാരിസണ്‍ കേസുകള്‍ വാദിക്കാന്‍ തുടങ്ങിയത്. അന്നുവരെ ഹാരിസണ്‍ മലയാളത്തിന് അനുകൂലമായ വിധികള്‍ മാത്രമാണ് കോടതിയില്‍ നിന്നു വന്നുകൊണ്ടിരുന്നത്. എന്നാല്‍ ഹാരിസണിന് എതിരേയുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഞാന്‍ ഉന്നയിച്ച വാദങ്ങള്‍ വന്നതോടെ ഇതിനു മാറ്റം വന്നു തുടങ്ങി. സംസ്ഥാന സര്‍ക്കാരിനനുകൂലമായ വിധികളും ഹൈക്കോടതിയില്‍ നിന്നു പുറത്തുവന്നു തുടങ്ങി. ഹാരിസണ്‍ കേസുമായി ബന്ധപ്പെട്ടു തയാറാക്കിയ പി സജിത് ബാബു കമ്മീഷന്‍ റിപ്പോര്‍ട്ട്, നിവേദിത പി ഹരന്‍ റിപ്പോര്‍ട്ട് എന്നിവ ഞാന്‍ പഠിച്ചു മനസിലാക്കി. അതിന്റെ നിയമവശങ്ങളും പഠിച്ചു. 1900 മുതലുള്ള ട്രാവന്‍കൂര്‍ നിയമവും വരെ പഠിച്ചു. അതില്‍ നിന്നു മനസിലാക്കിയ കാര്യങ്ങളും വിദേശ കമ്പനികള്‍ എത്രത്തോളം ഭൂമിക്ക് വ്യാജരേഖകള്‍ ഉണ്ടാക്കി, പട്ടയം സ്വന്തമാക്കി തുടങ്ങിയ വിവരങ്ങള്‍ ഇതിലൂടെ അറിയാന്‍ കഴിഞ്ഞു. ഇതില്‍ പലതും പൂഴ്ത്തിവച്ച രേഖകളായിരുന്നു. ഹൈക്കോടതിയിലൂടെ ഫൈറ്റ് ചെയ്താണ് ഈ രേഖകളെല്ലാം ഞാന്‍ സംഘടിപ്പിച്ചത്. ഹാരിസണ്‍ ഭൂമിയുമായി ബന്ധപ്പെട്ട സര്‍വേ മാപ്പുകള്‍ പരിശോധിക്കുന്നതിനിടയിലാണ് ഇതെല്ലാം വ്യാജമാണെന്നു ഞാന്‍ കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹാരിസണ്‍ കേസില്‍ ഒരു വിജിലന്‍സ് അന്വേഷണം നടത്താന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. ഈ അന്വേഷണം നിര്‍ണായകമായ നിരവധി വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്. വ്യാജരേഖ ചമച്ചതിന്റെ പേരില്‍ ഹാരിസണ്‍ മലയാളത്തിന്റെ ഉദ്യോഗസ്ഥര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ക്രിമിനല്‍ കേസുകള്‍ എടുക്കുകയും ചെയ്തു. ഈ ക്രമിനല്‍ കേസുകള്‍ കോടതിയില്‍ വന്നപ്പോള്‍ വിധി സര്‍ക്കാരിന് അനുകൂലമായി മാറുകയും ചെയ്തു.

ഹാരിസണ്‍ കേസില്‍ എപ്പോഴാണ് താങ്കള്‍ വിജയങ്ങള്‍ സ്വന്തമാക്കാന്‍ തുടങ്ങിയത്?

= എന്റെ വാദങ്ങളെല്ലാം വിഷയം കൃത്യമായി പഠിച്ചതിനു ശേഷം മാത്രമായിരുന്നു. അതുകൊണ്ടു തന്നെ ഹാരിസണിന്റെ വാദങ്ങളെല്ലാം പലപ്പോഴും അപ്രസക്തമാകുന്ന രീതിയിലേക്കു കാര്യങ്ങള്‍ മാറിത്തുടങ്ങി. ഒരു റിട്ട് പെറ്റീഷന്‍ പോലും അവര്‍ക്കു ശരിയായ രീതീയില്‍ വാദിക്കാനാവാത്ത തരത്തിലുള്ള സാഹചര്യം കോടതിയില്‍ സംജാതമാക്കി. ഇത്തരം സാഹചര്യങ്ങളില്‍ ഞാന്‍ ഉന്നയിച്ച വാദങ്ങള്‍ നിയമപരവും സത്യവുമാണെന്ന് ജഡ്ജിമാര്‍ക്കും ബോധ്യപ്പെട്ടു.  ഇതിനെത്തുടര്‍ന്നാണ് ഒരു വിദേശ കമ്പനിക്ക് ഇന്ത്യയില്‍ കുടിയാനാകാന്‍ കഴിയില്ലെന്ന വളരെ ശ്രദ്ധേയമായ വിധി ഹൈക്കോടതിയില്‍ നിന്നുണ്ടായത്. വളരെ ശ്രദ്ധേയമായ ഒരു കോടതി പരാമര്‍ശമായിരുന്നു ഇത്. ഇതോടെയാണ് ഹാരിസണിന്റെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകാന്‍ തുടങ്ങിയത്.

ഇതേ രീതിയിലുള്ള വാദം തുടരാന്‍ കഴിഞ്ഞാല്‍ വിധി സംസ്ഥാനത്തിന് അനുകൂലമാവുമോ?

= തീര്‍ച്ചയായും ഹൈക്കോടതിയിലെ, സര്‍ക്കാര്‍ അഭിഭാഷകൻ ഈ കേസുമായി ബന്ധപ്പെട്ട വാദങ്ങളില്‍ ഒരിറ്റുവെള്ളം പോലും ചേര്‍ക്കാതെ നിയമവശം പൂര്‍ണമായും ഉയര്‍ത്തിപ്പിടിച്ചുവാദിച്ചാല്‍ ഈ കേസില്‍ ഉറപ്പായും ജയിക്കുമെന്ന് എനിക്കു പൂര്‍ണവിശ്വാസമുണ്ട്. കോടതിക്കു മുന്നില്‍ നന്നായി കാര്യങ്ങള്‍ അവതരിപ്പിക്കണം. ക്ഷമയോടെ കാര്യങ്ങള്‍ തുറന്നുപറയാനുള്ള ചങ്കൂറ്റമാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കാട്ടേണ്ടത്.

താങ്കള്‍ക്കു ശേഷം വന്ന ഗവണ്‍മെന്റ് പ്ലീഡര്‍ ഹാരിസണ്‍ കേസില്‍ എന്തെങ്കിലും ഇടപെടലുകള്‍ നടത്തിയിട്ടുണ്ടോ?

= ഞാന്‍ ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കാറില്ല. സര്‍ക്കാര്‍ അവര്‍ക്കു താല്‍പര്യമുള്ള ഗവണ്‍മെന്റ് പ്ലീഡര്‍മാരെ നിയമിക്കുന്നു. അതു സര്‍ക്കാരിന്റെ നയമാണ്. ഇങ്ങനെ നിയമിക്കപ്പെടുന്ന ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ സര്‍ക്കാര്‍ പറയുന്ന രീതിയിലായിരിക്കുമല്ലോ കേസുകള്‍ വാദിക്കുക. സര്‍ക്കാര്‍ അഭിഭാഷകരെല്ലാം മോശമാണെന്ന അഭിപ്രായമൊന്നും എനിക്കില്ല. . കോടതി രണ്ടു കക്ഷികളെയും ഒരുപോലെയാണ് പരിഗണിക്കുക. കോടതിയില്‍ സര്‍ക്കാര്‍ ഭാഗം കൃത്യമായി വാദിച്ചില്ലെങ്കില്‍ ഹാരിസണിന്റെ വാദം അംഗീകരിച്ച് അവര്‍ക്ക് അനുകൂലമായ വിധി വരാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടേക്കാം. പക്ഷേ അങ്ങനെ ഉണ്ടാവില്ലെന്നാണ് എന്റെ വിശ്വാസം.

ഹാരിസണ്‍ വിഷയത്തില്‍ എന്തുകൊണ്ടാണ് പൊതുസമൂഹം പ്രതികരിക്കാത്തത്?

= കേരളത്തിലെ പൊതുസമൂഹം ഹാരിസണ്‍ മലയാളം ഉള്‍പ്പടെയുള്ള വമ്പന്‍ കമ്പനികള്‍ നടത്തുന്ന തട്ടിപ്പിനെക്കുറിച്ച് കൃത്യമായി മനസിലാക്കിയിട്ടില്ലായെന്നതാണ് യാഥാര്‍ഥ്യം. സര്‍ക്കാര്‍ തലത്തിലോ മാധ്യമങ്ങളുടെ നേതൃത്വത്തിലോ ഇതിനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുമില്ല. കേരളത്തിലെ മാധ്യമങ്ങള്‍ ഇത്തരം ഭൂമി വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ കാര്യമായ താല്‍പര്യം കാട്ടാറുമില്ല. അറിഞ്ഞാലും ഇതു മനസിലാക്കാന്‍ ആരും തയാറല്ല. ഒരു വിദേശകമ്പനിയാമെന്നു പറഞ്ഞാലും ഭൂമി വിഷയം ആണെന്നു പറഞ്ഞാലും അവര്‍ ഇത്രയും കാലം അനുഭവിച്ചതല്ലേ അതു തന്നെ തുടര്‍ന്നോട്ടെയെന്നാണ് ഭൂരിഭാഗം ജനങ്ങളുടെയും ചിന്ത.

 

ഇക്കാര്യം തിരിച്ചറിയാൻ രാഷ്ട്രീയ പാർട്ടികൾക്കും ഉദ്യോഗസ്ഥർക്കും കഴിയന്നില്ല എന്നാണോ?

= ഈ വിദേശ കമ്പനിയുടെ ഏറ്റവും വലിയ കഴിവും ഇതുതന്നെയാണ്. എല്ലാവരെയും കബളിപ്പിക്കാന്‍ കഴിയുന്നുവെന്നതു തന്നെയാണ് അവരുടെ ഏറ്റവും വലിയ വിജയം. ഹാരിസണ്‍ പോലുള്ള കമ്പനികളെ ഒന്നും ചെയ്യാനാവില്ലെന്നു ചിന്തിക്കുന്നവര്‍ പോലുമുണ്ട്. ഹാരിസണ്‍ മലയാളം ഉള്‍പ്പടെയുള്ള വമ്പന്‍ കമ്പനികള്‍ ജനക്ഷേമത്തിനുവേണ്ടിയാണ് ഭൂമി കൈവശംവച്ചിരിക്കുന്നതെന്നാണ് പലരും ഇപ്പോഴും കരുതുന്നത്. ഇത്തരം കമ്പനികള്‍ തെറ്റൊന്നും ചെയ്യില്ലെന്നു വിശ്വസിക്കുന്നവരാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകളും. ഹാരിസണ്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്താല്‍ നശിപ്പിക്കുമെന്നു പറയുന്നവര്‍ പോലുമുണ്ട്. ഇത് ബ്രിട്ടീഷ് ഭരണമായിരുന്നു നല്ലതെന്നു പറയുന്നവരുടെ ജല്‍പ്പനം പോലെ കണ്ടാല്‍ മതിയാവും. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയിട്ട് 60 വര്‍ഷം കഴിഞ്ഞിട്ടും നമ്മുടെ നാട് വിദേശികളുടെ ആധിപത്യത്തില്‍ നിന്നു മുക്തമായിട്ടില്ലായെന്നതാണ് യാഥാര്‍ഥ്യം. സര്‍ക്കാരുകളെയും ജുഡീഷ്യറിയെയും നിയമസംവിധാനത്തെയും വെല്ലുവിളിച്ചാണ് ഹാരിസണ്‍ മലയാളത്തിനെപ്പോലുള്ള കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ജനങ്ങളെ മൊത്തം വിഢികളാക്കുന്ന തരത്തിലുള്ളതാണ് ഇവരുടെ പ്രവര്‍ത്തനം. നമ്മുടെ നാട്ടിലെ അറിയപ്പെടുന്ന എഴുത്തുകാരും ചിന്തകരും വിപ്ലവകാരികളും ഇതുവരെ ഹാരിസണ്‍ മലയാളത്തിന്റെ അനധികൃത ഭൂമി കൈയേറ്റം എന്താണെന്നു മനസിലാക്കാന്‍ ശ്രമിക്കുകയോ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. സ്വന്തം കാര്യം സിന്താബാദ് എന്ന ചിന്താഗതിയുമായി കഴിയുന്നവരുടെ നാട്ടില്‍ ഇത്തരം തട്ടിപ്പുകള്‍ നടന്നില്ലായെങ്കില്‍ മാത്രമേ അതിശയിക്കേണ്ടതുള്ളൂ.

ഹാരിസണ്‍ കേസില്‍ അന്തിമവിധിവരാനുള്ള തടസം എന്താണ്?

= ഹാരിസണ്‍ കേസില്‍ വിധി വരുന്നതിന് യാതൊരു തടസവുമില്ല. നേരിട്ടു കേസ് വാദിക്കാന്‍ സര്‍ക്കാര്‍ ചെറിയ സന്നദ്ധകാട്ടിയാല്‍ കേസ് എളുപ്പത്തില്‍ തീര്‍പ്പാക്കാനാവും. കൃത്യമായി വാദിച്ചാല്‍ ഹാരിസണിന്റെ വാദങ്ങള്‍ എല്ലാം തകര്‍ന്നടിയുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ കേസില്‍ നമുക്ക് അനുകൂലമായ വിധിയുണ്ടാവുകയും ചെയ്യും. കേസില്‍ വിജയിക്കാനുള്ള 90 ശതമാനം അടിസ്ഥാനം ഇപ്പോഴുള്ള കേസുകളില്‍ ഉണ്ട്. അതേസമയം വരും നാളുകളില്‍ കോടതിയില്‍ കൃത്യമായ വാദം ഉയര്‍ത്താന്‍ കഴിയാതെ കേസ് പരാജയപ്പെട്ടാല്‍ അതു സര്‍ക്കാരിന്റെ മാത്രം വീഴ്ചയായിരിക്കും. ഇങ്ങനെയുണ്ടാവില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം.

ഹാരിസണ്‍ മലയാളം വിറ്റ ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം പണിയാനുള്ള ശ്രമം നടക്കുന്നുണ്ടല്ലോ?

= ഇതെല്ലാം ഓരോ തരത്തിലുള്ള ശ്രമങ്ങളാണ്. ഇതില്‍ വിജയിക്കുമോയെന്നു കാത്തിരുന്നു തന്നെ കാണേണ്ടിയിരിക്കുന്നു. ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിവില്‍പ്പനകളെല്ലാം നിയമവിരുദ്ധമാണെന്നു കോടതി തന്നെ കണ്ടെത്തിയിട്ടുണ്ട്. ഹാരിസണ്‍ വിറ്റ ഭൂമികകളായ ചെറുവള്ളി എസ്റ്റേറ്റ്, ബോയ്സ്, അമ്പനാട്, റിയ എന്നിവ സര്‍ക്കാര്‍ ഏറ്റെടുത്തതായി ഉത്തരവു പുറത്തുവന്നിട്ടുള്ളതാണ്. കെപി യോഹന്നാന്‍ ഹാരിസണില്‍ നിന്നു വാങ്ങിയ ചെറുവള്ളി എസ്റ്റേറ്റ് കെപി യോഹന്നാന്റെ ഭൂമിയാണെന്നാണ് എല്ലാവരും വാദിക്കുന്നത്. എയര്‍പോര്‍ട്ടിനായി ഈ ഭൂമി ഏറ്റെടുക്കാമെന്നും പറയുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഈ ഭൂമി ഏറ്റെടുത്തു കഴിഞ്ഞുവെന്നതാണ് യാഥാര്‍ഥ്യം. ഇനി ഈ ഭൂമിയില്‍ വിമാനത്താവളം പദ്ധതി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ തന്നെ സര്‍ക്കാര്‍ ഭൂമിയായി കണ്ടു മാത്രമേ നടപടി ക്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാവൂ. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത നടപടി തെറ്റാണെന്നു ഹൈക്കോടതി പറഞ്ഞിട്ടില്ല. മറിച്ച് ശരിവയ്ക്കുകയാണ് ചെയതിട്ടുള്ളത്. അതേസമയം കേസില്‍ തല്‍സ്ഥിതി അതായത് യോഹന്നാന്റെ കൈവശത്തില്‍ ഇരിക്കുന്ന അവസ്ഥ കേസ് തീരുന്നതുവരെ തുടരാനുമാണ് കോടതി പറഞ്ഞിട്ടുള്ളത്. . ഈ ഭൂമികളില്‍ നിന്നു മരം മുറിക്കുന്നതും ഭൂമി കൈമാറ്റം ചെയ്യുന്നതും നികുതി അടയ്ക്കുന്നതും, ഈടുവയ്ക്കുന്നതും തടഞ്ഞിട്ടുമുണ്ട്.

ഹാരിസണ്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് സിപിഐയാണോ?

= രാഷ്ട്രീയമായതിനാല്‍ ഇക്കാര്യത്തില്‍ എനിക്ക് ഒന്നും പറയാനില്ല. എന്നാല്‍ ഇതു സര്‍ക്കാര്‍ ഭൂമി അല്ലാതാക്കാന്‍ ആരു ശ്രമിച്ചാലും അതു നടപ്പാകാന്‍ സാധ്യതയില്ലായെന്നതാണ് യാഥാര്‍ഥ്യം. അതു സൂര്യനെ മുറം കൊണ്ട് മറയ്ക്കാന്‍ ശ്രമിക്കുന്നതുപോലെയായിരിക്കും. ഈ ഭൂമിയുടെ പട്ടയം വിദേശിക്ക് അര്‍ഹതപ്പെട്ടതാണെന്ന് ഹൈക്കോടതിക്ക് പറയാനുള്ള സാഹചര്യം ഉണ്ടാവില്ലായെന്നു തന്നെയാണ് വിശ്വാസം. ഹാരിസണിനു രാഷ്ട്രീയക്കാരുടെ സഹായം കിട്ടിയിട്ടില്ലെന്നു പറയാനാവില്ല. 60 വര്‍ഷത്തോളമായി ഇവര്‍ എല്ലാവരെയും സ്വാധീനിച്ചു കഴിയുകയാണ്. ഇനിയും അവര്‍ അത് ഉപയോഗിച്ചേക്കാം.

ഹാരിസണ്‍ കേസ് പരാജയപ്പെടാന്‍ സാധ്യതയുണ്ടോ?

= കേസ് തോറ്റാല്‍ ഇതു സര്‍ക്കാര്‍ ഭൂമിയല്ലാതായി മാറും. ഇത് സര്‍ക്കാരിന്റെ മാത്രമല്ല, മൊത്തം കേരള ജനതയുടെയും പരാജയം ആയിരിക്കും.

ഹാരിസണ്‍ കേസ് തോറ്റാല്‍ ആരായിരിക്കും ഉത്തരവാദി?

= ഇത്രത്തോളം എത്തിയ ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയുമായി ബന്ധപ്പെട്ട കേസ് പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വരും. കാരണം ഈ കേസില്‍ 90 ശതമാനവും സംസ്ഥാനത്തിന് അനൂകൂലമായ വിധി വരാനുള്ള സാഹചര്യങ്ങളുണ്ട്. എന്നാല്‍ ഇനി കൃത്യമായ വാദം കോടതിയില്‍ ഉയര്‍ത്താന്‍ കഴിയാതെ കേസ് പരാജയപ്പെട്ടാല്‍ ഇതിന്റെ ഉത്തരവാദി സര്‍ക്കാരാണെന്നു പറയാതിരിക്കാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ കേരളത്തിന്റെ മണ്ണില്‍ വിദേശ ആധിപത്യം വീണ്ടും അരക്കിട്ടുറപ്പിക്കാന്‍ അവസരമൊരുക്കുകയാണെന്നു തന്നെ പറയേണ്ടി വരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.