പാലക്കാട്: പാലക്കാട് കോച്ച് ഫാക്ടറി ഹരിയാനയിലെ സോനേപതിലേക്ക് മാറ്റാന്‍ നീക്കം. ഹരിയാനയിലെ സോനേപത് ബാർഹി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 600 കോടി രൂപ ചെലവിൽ കോച്ച് ഫാക്ടറി നിർമ്മിക്കാൻ നീക്കം നടക്കുന്നതെന്നാണ് വിവരം.

ഹരിയാന സ്റ്റേറ്റ് ഇൻഡസ്ട്രീസ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ എം.ഡി. രാജശേഖർ വുന്ദ്രു ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കോർപ്പറേഷൻ 161.48 ഏക്കർ ഭൂമി ഈ പദ്ധതിക്ക് വേണ്ടി റെയിൽവെ മന്ത്രാലയത്തിന് പാട്ടത്തിന് കൊടുക്കാൻ തീരുമാനിച്ചു കഴിഞ്ഞു. 500 മുതൽ 700 വരെ കോച്ചുകളാണ് പ്രതിവർഷം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാർ ഭൂമി വിട്ടുകൊടുക്കാനുള്ള നിർദ്ദേശത്തിന് അനുമതി നൽകിയതായും അറിയുന്നു.

റെയിൽവെ മന്ത്രാലയത്തിലെ ഉന്നതതല ഉദ്യോഗസ്ഥ സംഘം പദ്ധതിയുടെ വിശദാംശങ്ങൾ സംബന്ധിച്ചും ധാരണാ പത്രം ഒപ്പു വക്കുന്നത് സംബന്ധിച്ചും ഹരിയാനയിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്. പാലക്കാട് വിഭാവനം ചെയ്തിരുന്നതും ഏകദേശം 600 കോടിയുടെ സമാന പദ്ധതിയായിരുന്നു. പാലക്കാട് 5 വർഷം മുമ്പ് റെയിൽവേക്ക് ഭൂമി കൈമാറുകയും തറക്കല്ലിടുകയും ചെയ്ത ശേഷമാണ് അതുപയോഗിക്കാതെ സോനാപേട്ടിൽ വേറെ ഫാക്ടറി നിർമ്മിക്കാനൊരുങ്ങുന്നത്.

സോനേപതിലല്ല, എവിടെയും കോച്ച് ഫാക്ടറി നിർമ്മിക്കുന്നതിന് യാതൊരു വിരോധവുമില്ലെന്നും, പക്ഷേ, അത് പാലക്കാട് കോച്ച് ഫാക്ടറി കടത്തിക്കൊണ്ടു പോകലാകരുത് എന്നേയുള്ളൂവെന്നും എംബി രാജേഷ് എംപി വ്യക്തമാക്കി. “ഇപ്പോൾ, അതിനുള്ള ഗൂഢാലോചനയാണ് നടക്കുന്നത് എന്ന സംശയം ബലപ്പെടുകയാണ്. ( കോച്ചുകൾക്ക് ഡിമാന്റ് കുറവാണെന്നത് പാലക്കാട് ഫാക്ടറിക്ക് തടസ്സമാണ് എന്ന് പറയുമ്പോഴാണ് സോനേപതില്‍ പുതിയതിനുള്ള നീക്കം റെയിൽവെ നടത്തുന്നത്). 80 ൽ പാലക്കാടിന് വാഗ്ദാനം ചെയ്യപ്പെട്ട കോച്ച് ഫാക്ടറി ഇന്ദിരാഗാന്ധി പഞ്ചാബിലെ കപൂർത്തലയിലേക്ക് കൊണ്ടുപോയ വഞ്ചനയെ ഓർമ്മിപ്പിക്കുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

“ഈ വഞ്ചന കേരളത്തിന് പൊറുക്കാനാവില്ല. ശക്തമായി ചെറുത്തേ പറ്റൂ. ഉടൻ ഇക്കാര്യം കേന്ദ്രസർക്കാരിന്റെ മുന്നിലും വരുന്ന പാർലമെന്റ് സമ്മേളനത്തിലും ഉന്നയിക്കും. റെയിൽവേയുടെയും കേന്ദ്രസർക്കാരിന്റെയും ഈ വഞ്ചനയെ ചെറുക്കാൻ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരുടെയും പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നതായും രാജേഷ് എംപി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ