കോഴിക്കോട്: ഹരിത വിഷയത്തില്‍ വനിതാ കമ്മിഷന് പരാതി നല്‍കിയവരേയും തന്നേയും വ്യക്തിഹത്യ ചെയ്യുകയാണെന്ന് ഫാത്തിമ തഹ്ലിയ പറഞ്ഞു. പാര്‍ട്ടി നേതൃത്വം നടപടിയെടുക്കാത്തതിനാലാണ് വനിതാ കമ്മിഷനെ സമീപിച്ചതെന്നും ഫാത്തിമ കൂട്ടിച്ചേര്‍ത്തു.
വിവാദങ്ങള്‍ക്ക് പിന്നാലെ ഹരിതയെക്കുറിച്ച് നടക്കുന്ന പ്രചാരണങ്ങളെക്കുറിച്ചും ഫാത്തിമ പ്രതികരിച്ചു. “ഹരിത മുസ്ലിം ലീഗിന് തലവേദന സൃഷ്ടിക്കുന്നു എന്ന പരാമര്‍ശം വേദനിപ്പിക്കുന്നതാണ്. ഒരുപാട് പെണ്‍കുട്ടികളുടെ ശബ്ദമാണ് ഹരിത. പല കോളേജുകളിലും എം.എസ്.എഫിനെ നയിക്കുന്നത് പോലും ഹരിതയാണ്,” ഫാത്തിമ വ്യക്തമാക്കി.
“വനിതാ കമ്മിഷന് പരാതി നല്‍കിയത് സംഘടനയില്‍ വിശ്വാസം ഉള്ളവരാണ്. കമ്മിഷന് മുന്നിലും പാര്‍ട്ടി വേദികളിലും മാത്രമാണ് അവര്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞിട്ടുള്ളത്. ഇതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുകയാണ്. ഇപ്പോഴും പാര്‍ട്ടിയില്‍ പ്രതീക്ഷയുണ്ട്,” ഫാത്തിമ പറഞ്ഞു.
സത്രീ വിരുദ്ധ പരാമര്‍ശം നടത്തിയവര്‍ക്ക് ലഭിച്ച സ്വഭാവിക നീതി ഹരിതക്ക് ലഭിച്ചില്ല. ഹരിതയുടെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചതില്‍ നിരാശയുണ്ടെന്നും ഫാത്തിമ കൂട്ടിച്ചേര്‍ത്തു.
ഹരിതയ്ക്കെതിരായ നടപടിക്ക് പിന്നാലെ എംഎസ്എഫിലും പ്രതിസന്ധി രൂക്ഷമാവുകയാണ്. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി.അബ്ദു സമദിന് പിന്നാലെ ഭാരവാഹിത്വം ഒഴിയാന്‍ കൂടുതല്‍ പേര്‍ തയാറാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എംഎസ്എഫിന്റേയും മുസ്‌ലിം ലീഗിന്റേയും സ്ത്രീവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു അബ്ദു സമദിന്റെ രാജി.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ഹരിത നേതാക്കള്‍ക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന ആരോപണമാണ് വിവാദങ്ങളുടെ തുടക്കം. ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ല. തുടര്‍ന്ന് ഹരിത അംഗങ്ങള്‍ വനിതാ കമ്മിഷനെ സമീപിക്കുകയായിരുന്നു.
വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. ഹരിത നേതാക്കള്‍ നേതൃത്വത്തിന്റെ നിര്‍ദേശത്തിന് വഴങ്ങിയില്ല. പിന്നാലെയാണ് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ലീഗ് എത്തിയത്.
ചന്ദ്രക ദിനപത്രത്തിലെ പണമിടപാടുമായി ബന്ധപ്പെട്ട് മുയീന്‍ അലി തങ്ങള്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മുസ്ലിം ലീഗ് നേതൃത്വം പ്രതിരോധത്തിലായിരുന്നപ്പോഴാണ് ഹരിത-എംഎസ്എഫ് വിവാദം ഉടലെടുത്തത്. ഇതോടെ ലീഗിലെ ഉള്‍പ്പാര്‍ട്ടി പോര് ചരിത്രത്തില്‍ തന്നെ ആദ്യമായി പാര്‍ട്ടിയുടെ പുറത്തേയ്ക്കും ചര്‍ച്ചയാവുകയാണ്.
Also Read: മൂന്ന് വനിതകൾ ഉൾപ്പെടെ ഒന്‍പത് ജഡ്ജിമാരെ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം