ന്യൂഡൽഹി: ഹാരിസൺ തോട്ടം ഭൂമി ഏറ്റെടുത്ത സംസ്ഥാന സർക്കാരിന്റെ നടപടി സംബന്ധിച്ച കേസിൽ സുപ്രീം കോടതിയിൽ​ നിന്നും തിരിച്ചടി. ഹാരിസണിന്റെ ഭൂമി പാട്ടക്കരാർ റദ്ദാക്കി സർക്കാർ ഏറ്റെടുത്തിരുന്നു. ഇത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജിയാണ് തള്ളിയത്.

ഹാരിസണിന്റെ 38,000 ഭൂമിയാണ് പാട്ടക്കരാർ റദ്ദാക്കി സർക്കാർ ഏറ്റെടുത്തിരുന്നത്. നടപടി തളളി കളഞ്ഞുകൊണ്ട് ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഹർജിയാണ് തളളിയത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു.

ഭൂസംരക്ഷണ നിയമപ്രകാരം ഹാരിസണിന്റെ 38,000 ഏക്കർ ഭൂമി ഏറ്റെടുത്ത സ്‌പെഷൽ ഓഫിസർ എം.ജി.രാജമാണിക്യത്തിന്റെ ഉത്തരവാണ് ഏപ്രിലിൽ ഹൈക്കോടതി റദ്ദാക്കിയത്. ഹാരിസൺ കമ്പനി നൽകിയ ഹർജിയിൽ അന്നത്തെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചായിരുന്നു ഈ വിധി പറഞ്ഞത്.

Read More: ഹാരിസൺ കേസ് പരാജയപ്പെട്ടാൽ അത് ഇടതുപക്ഷ സർക്കാരിന്‍റെ വീഴ്‌ച മാത്രം: മുൻ ഗവ: പ്ലീഡർ സുശീലാ ഭട്ട്

വ്യാജരേഖ ചമച്ചാണ് ഹാരിസൺ മലയാളം അധികൃതർ ഭൂമി കൈവശപ്പെടുത്തിയതെന്നായിരുന്നു സർക്കാരിന്റെ വാദം. ഇവ തിരിച്ചുപിടിക്കാനാണ് എം.ജി.രാജമാണിക്യത്തെ സ്‌പെഷൽ ഓഫിസറായി നിയമിച്ചിരുന്നത്. വിവിധ ജില്ലകളിലായി ഹാരിസൺ കന്പനിക്കുളള ഭൂമി തിരിച്ചുപിടിക്കുന്നതിനുളള നടപടികളും രാജമാണിക്യം സ്വീകരിച്ചു. തുടർന്ന് ഹാരിസൺ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. സ്‌പെഷൽ ഓഫിസറുടെ നിയമനവും നടപടികളും നിയമവിരുദ്ധമാണെന്നായിരുന്നു ഹാരിസൺ കമ്പനി ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഇത് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

സര്‍ക്കാര്‍ റോബിന്‍ ഹുഡായി മാറരുതെന്നതടക്കമുളള കടുത്ത വിമര്‍ശനവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. വൻകിട കമ്പനികളുടെ നിലനിൽപ് സംസ്ഥാനത്തിന് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. ഹാരിസണിന്റെ കൈവശമുളള നാൽപതിനായിരത്തോളം ഏക്കർ ഭൂമി ഏറ്റെടുക്കണമെന്നായിരുന്നു രാജമാണിക്യം സർക്കാരിന് റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനുളള നടപടികളും തുടങ്ങിയിരുന്നു. ഈ റിപ്പോർട്ടും ഇതിന്മേലുളള നടപടികളുമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഈ ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി ശരിവച്ചത്.

Read More: ഹാരിസൺ കേസിൽ സർക്കാരിന് തിരിച്ചടി; ഭൂമി ഏറ്റെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.