തിരുവനന്തപുരം: ഹാപ്പി രാജേഷ് വധക്കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു. തെളിവില്ലാത്തതിനാലാണ് ഏഴ് പ്രതികളെയും വെറുതെ വിട്ടത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി. ‘മാതൃഭൂമി’ ലേഖകന്‍ വി.ബി.ഉണ്ണിത്താന്‍ വധശ്രമക്കേസിലെ പ്രതിയായിരുന്നു ഹാപ്പി രാജേഷ്.

2011 ഏപ്രില്‍ 27നാണ് ഹാപ്പി രാജേഷ് കൊല്ലപ്പെട്ടത്. പ്രതികള്‍ രാജേഷിനെ കൊല്ലത്തുള്ള ജോണി ഡെയ്ല്‍ എന്ന തോട്ടത്തില്‍വച്ച് മര്‍ദിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. രാജേഷിന്റെ മൃതദേഹം അയാളുടെ തന്നെ ഓട്ടോറിക്ഷയില്‍ കിടത്തി കൊല്ലത്ത് വിക്ടോറിയ ആശുപത്രിക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകനായ ഉണ്ണിത്താന്‍, ബാബുകുമാര്‍, ജിണ്ട അനി എന്നിവര്‍ക്കു നേരെയുണ്ടായ വധശ്രമക്കേസുകളില്‍ പ്രതികളുടെ പങ്ക് ഹാപ്പി രാജേഷ് പുറത്തു പറയുമെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് സിബിഐ കേസ്.

ഡിവൈ.എസ്.പി. സന്തോഷ് നായര്‍, കണ്ടെയ്‌നര്‍ സന്തോഷ്, പ്രകാശ് എന്ന വെട്ടുകുട്ടന്‍, പെന്റി എഡ്വിന്‍, കൃഷ്ണകുമാര്‍, സൂര്യദാസ്, നിഥിന്‍ എന്നിവരാണ് കേസിലെ പ്രതികൾ. കേസിലെ പ്രതിയായ ഡിവൈഎസ്‌പി സന്തോഷ് നായരും കണ്ടെയ്‌നര്‍ സന്തോഷുമാണ് ഹാപ്പി രാജേഷിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. എന്നാൽ സിബിഐ ഉന്നയിച്ച കുറ്റം പ്രോസിക്യൂഷന് കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് പ്രതികള വെറുതെ വിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ